ഐപിഎസ് ഉദ്യോഗസ്ഥരുടെ നാണംകെട്ട ചേരിപ്പോരിന്റെ ബാക്കിപത്രമാണ് എഡിജിപി ബി. സന്ധ്യയ്ക്കെതിരായ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍. വിരമിച്ച ശേഷവും വ്യക്തി വിരോധവും വിദ്വേഷവും മാറില്ലെന്ന് തെളിയിക്കുകയാണ് സെന്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്നും ബി സന്ധ്യ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നുമാണ് സെന്‍കുമാറിന്റെ ആരോപണം.
എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇപ്പോഴത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സംശയമില്ല. ഇതില്‍ ആരെയാണ് പൊതുജനം വിശ്വസിക്കേണ്ടത്. പോലീസ് മേധാവിയായിരിക്കെ പറയാത്ത കാര്യം വിരമിച്ച ശേഷം എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ അഭിമുഖത്തിലൂടെ സെന്‍കുമാര്‍ പറയുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമല്ലേ ഉപകരിക്കൂ?.
അന്വേഷണം നടക്കുന്ന കേസില്‍ ആരോപണവിധേയനായ വ്യക്തിക്കെതിരെ തെളിവുണ്ടോ ഇല്ലയോ എന്നത് അന്വേഷണ സംഘമല്ലേ തീരുമാനിക്കേണ്ടത്? അന്വേഷണ സംഘം കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയല്ലേ അന്തിമ വിധി പറയേണ്ടത്? അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിധി പറയാന്‍ മുന്‍ പോലീസ് മേധാവിക്ക് ആരാണ് അധികാരം നല്‍കിയത്? പോലീസ് സംവിധാനത്തിന്റെ ആകെ വിശ്വാസ്യത തകര്‍ന്നാലും തന്റെ ഈഗോയും വ്യക്തി വിരോധവും വിജയിക്കണമെന്നാണോ നിലപാട്.
എന്ത് തെറ്റ് ചെയ്താലും പണവും സ്വാധീനവുമുണ്ടെങ്കില്‍ രക്ഷപെടും എന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. സെന്‍കുമാറിന്റെ ആരോപണം ഇത്തരം ധാരണകള്‍ ഊട്ടിയുറപ്പിക്കാന്‍ മാത്രമല്ലേ ഉപകരിക്കൂ. പൊതുസമൂഹം ഇത്രയേറെ ശ്രദ്ധിക്കുന്ന ഒരു കേസില്‍ ഈ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്. നടിയെ ആക്രമിച്ച കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ചേരി തിരിവ് പ്രകടമായിരുന്നു. അന്വേഷണ സംഘത്തിന്‍െ്റ തലവനായ ഐജി ദിനേന്ദ്ര കശ്യപ്, ഐജി പി വിജയന് തുടങ്ങിയവരെ കൂട്ടാതെയാണ് ബി. സന്ധ്യ ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്തത്.
ഉദ്യോഗസ്ഥരുടെ തമ്മിലടിക്കും ഈഗോയ്ക്കും ആക്കം കൂട്ടുന്ന വിധമാണ് സെന്‍കുമാറിന്റെ ആരോപണങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പരസ്പരം കടിച്ചു കീറാനും താറടിക്കാനും അവസരം നോക്കിയിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും എന്ത് നീതിയാണ് പൊതുജനം പ്രതീക്ഷിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ വിലകുറഞ്ഞ ചേരിപ്പോര് കാണുമ്പോഴാണ് രാഷ്ട്രീയ നേതൃത്വം എത്ര മെച്ചമാണെന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയ നേതാക്കള്‍ എന്തെല്ലാം ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. അപ്പോഴും വ്യക്തിപരമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നതിന് ഇതൊന്നും തടസമാകാറില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നാണ് ഐപിഎസ് തമ്മിലടി വ്യക്തമാക്കുന്നത്.





