
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ഇരുട്ടടി സമ്മാനിച്ചു കൊണ്ട് താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷിച്ചു തുടങ്ങി. ഗൂഡാലോചനയില്‍ പോലീസ് കണ്ടെത്തിയ നിര്‍ണ്ണായക വിവരങ്ങളിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. താരത്തിന്റെ സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനാണ് ശ്രമം.
നികുതി റിട്ടേണില്‍ കൂടുതല്‍ വരുമാനം താരത്തിനുണ്ടോയെന്ന് ആദായ നികുതി വകുപ്പ് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമാ നിര്‍മ്മാണ രംഗത്ത് ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇത്. ഗൂഡാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ ദിലീപിനെ ചോദ്യം ചെയ്യും. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ദിലീപിന്റെ കണക്കില്‍ പെടാത്ത സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഉണ്ടാകാന്‍ നടിയുമായുള്ള താരത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസും കാരണമായതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. താരം റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നത് അടുത്ത ഒരു ബന്ധു വഴിയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. താരം നടത്തിയ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സുനില്‍കുമാറുമായുള്ള പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടത്തുമെന്നാണ് വിവരം.






