
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി സര്‍ക്കാരിനും കീഴില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും വിശ്വാസമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന് മേല്‍ ജനങ്ങളുടെ ആത്മവിശ്വാസം കണക്കാക്കുന്ന ഒഇപിഡി പ്രസിദ്ധീകരിച്ച പട്ടികയില്‍ സ്വിറ്റ്സര്‍ലന്റിനും ഇന്തോനേഷ്യയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുണ്ട്. രാജ്യത്തുടനീളമുള്ള പൊതുഭരണ സംവിധാനങ്ങളുടെ ഏറ്റവും പുതിയ ഡേറ്റകളിലാണ് ഈ വിവരമുള്ളത്്. ഇന്ത്യയിലെ 73 ശതമാനം പേര്‍ക്കും മോഡി സര്‍ക്കാരില്‍ വിശ്വാസമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്തോനേഷ്യയില്‍ 79 ശതമാനം പേരും സ്വന്തം സര്‍ക്കാരിനെ വിശ്വസിക്കുമ്പോള്‍ സ്വിറ്റ്സര്‍ലന്റ് ജനതയില്‍ 80 ശതമാനവും തങ്ങളുടെ സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സംഘടനയുടേതോ ഒരു വ്യക്തിയുടെയോ പ്രവര്‍ത്തനങ്ങളിലെ അനൂകൂലമായ കാഴ്ചപ്പാടിനെയാണ് വിശ്വാസം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സര്‍ക്കാരിലുള്ള വിശ്വാസം ഗുണകരമായ ഒരു സര്‍ക്കാരിനെയും സാമ്പത്തിക വികസനത്തിലേക്കും ഒരു സര്‍ക്കാരിനെ നയിക്കുമെന്ന് കണക്കാക്കുന്നു. നികുതി സംവിധാനം, സാമൂഹ്യ സൗകര്യങ്ങള്‍, നയങ്ങളില്‍ വരുന്ന രാഷ്ട്രീയ അഭിപ്രായ ഐക്യം തുടങ്ങിയ അനേകം കാര്യങ്ങളെ ആശ്രയിക്കുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ സര്‍ക്കാരില്‍ 30 ശതമാനത്തിന് മാത്രമാണ് വിശ്വാസം. തെരേസാ മെയ് യുടെ ബ്രിട്ടീഷ് സര്‍ക്കാരിനെ 41 ശതമാനം ജനങ്ങളും അടുത്തിടെ വമ്പന്‍ അഴിമതിയും പ്രധാനമന്ത്രിയുടെ ഇംപീച്ച്മെന്റും നടന്ന ദക്ഷിണ കൊറിയയിലെ സര്‍ക്കാരിനെ 25 ശതമാനവുമാണ് പിന്തുണയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ഗ്രീസില്‍ നിലവിലെ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് 13 ശതമാനമാണ്. ഏകദേശം 1000 പൗരന്മാരില് നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.






