
ലോക ഫുട്ബോളിലെ സുപ്പര്താരങ്ങളില് ഒരാളായ നെയ്മര്‍ സ്പാനിഷ് ക്ളബ്ബായ ബാഴ്സിലോണ വിട്ടേക്കുമെന്ന് അഭ്യുഹം. നാലു സീസണായി കാറ്റലന്‍ വമ്പന്മാരുടെ താരമായ നെയ്മര്‍ ക്ളബ്ബില്‍ അസന്തുഷ്ടനാണെന്നും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാര് മാഞ്ചസ്റ്റര്‍ കുപ്പായം താരം പരിഗണിക്കുന്നതായിട്ടും ഒരു സ്പാനിഷ് പത്രമായ സ്പോര്‍ട്ടാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം തന്നെ ഇക്കാര്യത്തില്‍ ബ്രസീലിയന്‍ താരം ഒരു വ്യക്തതയും നല്‍കിയിട്ടുമില്ല.
അര്‍ജന്റീനയുടെ സൂപ്പര്ഫുട്ബോളര് മെസ്സിയ്ക്കും ഉറുഗ്വേതാരം ലൂയി സുവാരസിനും ഒപ്പം ലോകത്തെ ഏറ്റവും മാരകമായ മുന്നേറ്റനിരയെ സൃഷ്ടിച്ചിരിക്കുന്ന ബാഴ്സിലോണയില്‍ നിന്നും വിടാനൊരുങ്ങാന് താരത്തിന് കുടുംബത്തില്‍ നിന്നും പ്രതിനിധികളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുന്നതായിട്ടാണ് വിവരം. ബാഴ്സയില്‍ നിന്നാല്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയുടെ നിഴലിലാകുമെന്നും അവിടെ നിന്നും പുറത്തുവരാനും താരത്തെ ഏവരും നിര്‍ബ്ബന്ധിക്കുകയാണ്.
പ്രതിഭയുടെ കാര്യത്തില്‍ മെസ്സിക്കും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും ഒട്ടും പിന്നിലല്ല ബ്രസീലിയന്‍ താരം. ബ്രസീലിയന്‍ ക്ളബ്ബ് സാന്റോസില്‍ നിന്നും ബാഴ്സിലോണയില്‍ എത്തിയതിന് ശേഷം ഏറെക്കുറെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും കൈപ്പിടിയില്‍ ആക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ബാലന് ഡി ഓര് പുരസ്ക്കാരം ഇപ്പോഴും താരത്തിന് അന്യമാണ്. 2015 ല്‍ രണ്ടു പേര്‍ക്കും പിന്നില്‍ മൂന്നാമത് എത്താന്‍ മാത്രമേ നെയ്മര്‍ക്ക് കഴിഞ്ഞിട്ടുമുള്ളൂ. മെസ്സിയുടെ ഒപ്പം കളിച്ചാല്‍ എന്നും രണ്ടാമനായി നില്‍ക്കാനും അദ്ദേഹത്തിന്റെ നിഴലിലായിരിക്കാനുമേ കഴിയൂ എന്ന് അടുപ്പമുള്ള വൃത്തങ്ങളെല്ലാം താരത്തെ ഉപദേശിച്ചിരിക്കുകയുമാണ്.
അതേസമയം ഒരിക്കല്‍ തങ്ങള്‍ക്ക് കൈവിട്ടുപോയ താരത്തെ വീണ്ടും സ്വന്തമാക്കാന്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കേമന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലയുറപ്പിച്ചതായും താരത്തെ സ്പാനിഷ് വമ്പന്മാര് കൈവിട്ടാല്‍ കൊത്താന്‍ റെഡിയായും നില്‍ക്കുകയാണ്. എന്നാല്‍ 2021 വരെ കരാറുള്ള ബാഴ്സിലോണ താരത്തിനായി ചോദിക്കുന്ന റിലീസിംഗ് ഫീ 175 ദശലക്ഷം പൗണ്ടാണ്. എന്തു തുക നല്‍കിയും താരത്തെ സ്വന്തമാക്കാന്‍ ചുവപ്പു ചെകുത്താന്മാര് റെഡിയുമാണ്.
അതേസമയം ഈ മാസം ആദ്യമായിരുന്നു താരത്തോട് ലാലിഗ വിട്ട് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്നോ എന്ന് ചോദിച്ചിരുന്നു. ഇതിന് താരം നല്കിയ മറുപടി വ്യത്യസ്തമായിരുന്നു. ഇംഗ്ളണ്ടില്‍ താമസിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. പ്രീമിയര്‍ ലീഗിലെ കളി കാണുന്നത് പോലും കുറവാണ്. എന്നാല്‍ തന്റെ ദേശീയ ടീമിലെ സഹകളിക്കാരായ കൗട്ടീഞ്ഞോയുടെയും ഗബ്രിയേല്‍ ജീസസിന്റെയും കളിയുണ്ടെങ്കില്‍ കാണാറുണ്ടെന്നും താരം പറയുന്നു.






