
അഹമ്മദാബാദ്: രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ അരീനയില്‍ കേരളത്തിന് അഭിമാന നേട്ടം. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ സ്‌റ്റാറ്റിസ്‌റ്റീഷ്യന്‍ ലൈസന്‍സ് പരീക്ഷയില്‍ മൂന്ന് മലയാളികള്‍ യോഗ്യത നേടി.
തിരുവല്ല സ്വദേശിയും മുംബൈയില്‍ റെയില്‍വേ ജീവനക്കാരിയുമായ കെന്‍സി സൂസന്‍ ലാലു, കുറിയന്നൂര്‍ സ്വദേശി എഡ്വിന്‍ ജോണ്‍ ജോസഫ്, തിരുവനന്തപുരം സ്വദേശിയും നിലവില്‍ കേന്ദ്രീയ വിദ്യാലയം (അടൂര്‍) അധ്യാപകനുമായ ജോസഫ് കുര്യന്‍ എന്നിവരാണ് ഫിബയുടെ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഔദ്യോഗിക പരീക്ഷാ ഫലങ്ങള്‍ വരുന്നതേയുള്ളെങ്കിലും മൂവരും മൂല്യനിര്‍ണയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഫിബ അണ്ടര്‍ 18 പുരുഷ ഏഷ്യാ കപ്പ് 2026 ലേക്ക് ജോസഫ് കുര്യനെ ടെക്‌നിക്കല്‍ ഒഫീഷ്യലായി (ടേബിള്‍ ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റീഷ്യന്‍) നാമനിര്‍ദ്ദേശം ചെയ്‌തു.
രാജ്യാന്തര പാനലിലേക്ക് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന വിശാല്‍ രവിക്കൊപ്പം ജോസഫ് കുര്യനും ചേരും. 13 മുതല്‍ 23 വരെ അഹമ്മദാബാദിലെ വീര്‍ സവര്‍ക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍ഷിപ്പ്.






Comments