
മക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം സിനിമയില്‍ അവസരങ്ങള്‍ നല്കി ഉയര്‍ത്തി കൊണ്ടു വരുന്നതിനെചൊല്ലി നടി കങ്കണ റണാവത്തും കരണ്‍ ജോഹറും തമ്മില്‍ തുടങ്ങിയ വാഗ്വാദം കൂടുതല്‍ വിവാദങ്ങളിലേയ്ക്ക്. കോഫി വിത്ത് കരണ്‍ പന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു കങ്കണയും കരണും തമ്മിലുള്ള യുദ്ധം. കരണ്‍ സിനിമയില്‍ സ്വജനപക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ വെട്ടിത്തുറന്ന് പറഞ്ഞു. പരിപാടിയില്‍ സെയ്ഫ് അലി ഖാനും എത്തിയിരുന്നു.
കഴിഞ്ഞ ഐഫാ അവാര്‍ഡില്‍ പോരാട്ടം വീണ്ടും മുറുകി. സ്റ്റേജിലെത്തിയ കരണും സെയ്ഫും വരുണ്‍ ധവാനും തങ്ങളുടെ സിനിമ പാരമ്പര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ വാചാലരായി. ഇതിനിടെ പരോക്ഷമായി കങ്കണയെ കളിയാക്കുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായി. കങ്കണയുടെ ആരാധകരുള്‍പ്പെടെ നിരവധിപ്പേര്‍ വിമര്‍ശനവുമായി എത്തി. ഇതോടെ സെയ്ഫ് കങ്കണയ്ക്ക് തുറന്ന കത്തെഴുതി. താനൊരു നേരമ്പോക്ക് മാത്രമാണ് ഉദ്ദേശിച്ചതെന്നും വേദനിച്ചെങ്കില്‍ കങ്കണയോട് മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞു.
താരങ്ങളുടെ മക്കളെ എന്നും ആളുകള്‍ക്ക് പ്രിയമാണ്. അവരുടെ ഗുണ ഗണങ്ങള്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണമായി പന്തയ കുതിരകളുടെ കാര്യം തന്നെയെടുക്കാം. ജയിക്കുന്ന കുതിരകളെ നല്ലവയുമായി ഇണചേര്‍ത്ത് കുതിരകളെ ഉണ്ടാക്കുന്നു. ഈ കുഞ്ഞുങ്ങളാകാം നാളെയുടെ ചാമ്പ്യന്മാര് എന്ന സെയ്ഫിന്റെ പരാമര്‍ശം കങ്കണയെ ചൊടിപ്പിച്ചു.
കലാകാരന്മാരെ പന്തയ കുതിരകളോട് ഉപമിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നുവെന്ന് കങ്കണ തിരിച്ചടിച്ചു. ഒരാള്‍ നല്ല അഭിനേതാവാകുന്നത് കഴിവും പരിശ്രമവും ആത്മസമര്‍പ്പണവും കൊണ്ടാണ് അല്ലാതെ കുടുംബ പാരമ്പര്യം കൊണ്ടല്ല. അങ്ങനെയെങ്കില്‍ ഞാനിന്നൊരു കൃഷിക്കാരിയാകുമായിരുന്നു. പക്ഷപാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സിനിമയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ല എന്റെ ലക്ഷ്യം. സിനിമ പാരമ്പര്യം ഇല്ലാത്ത സിനിമ സ്വപ്നം കാണുന്ന ഒരുപാട് യുവതയുണ്ട്. താരസന്തതിയല്ലാത്തത് കൊണ്ട് അവര്‍ തഴയപ്പെടരുതെന്നും കങ്കണ പറഞ്ഞു.






