
ലണ്ടൻ യാത്രയുടെ മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ, വിംബിൾഡൺ ഓർമ്മകൾ, ജന്മദിനാഘോഷങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചിത്രങ്ങളും വീഡിയോകളുമാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വിംബിൾഡണിലെ റോയൽ ബോക്സിൽ ഇരുന്ന് മത്സരം ആസ്വദിക്കുന്ന ചിത്രങ്ങളോടെയാണ് പ്രിയങ്കയുടെ പോസ്റ്റ് ആരംഭിക്കുന്നത്. വെള്ള ഹാൾട്ടർ-നെക്ക് വസ്ത്രവും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചെത്തിയ താരം റോയൽ ബോക്സ് ക്ഷണക്കത്തും ആഫ്റ്റർനൂൺ ടീ മെനുവും സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത വാച്ച് ബ്രാൻഡായ റോലക്സിന്റെ അംബാസഡർമാർക്കൊപ്പമുള്ള ചിത്രങ്ങളും തന്റെ പച്ച നിറത്തിലുള്ള ബെന്റ്‌ലി കാറിന്റെ ചിത്രവും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാൾട്ടി മേരിക്കൊപ്പമുള്ള ട്രെയിൻ യാത്രയും, മാൾട്ടി ഐസ്‌ക്രീം കഴിക്കുന്നതുമായ കുടുംബനിമിഷങ്ങളും ചിത്രങ്ങളിലുണ്ട്. കുഞ്ഞു മാൾട്ടി തന്റെ മുടിയിൽ നിന്ന് പിന്നുകൾ മാറ്റാൻ സഹായിക്കുന്ന വീഡിയോയും, നിക്ക് കൂടെയില്ലാത്ത സമയത്ത് മകൾ പാട്ടുപാടുന്ന മനോഹരമായ ദൃശ്യങ്ങളും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
സ്വകാര്യ വിമാനത്തിൽ വെച്ച് നടന്ന ഭർതൃമാതാവ് ഡെനീസ് ജൊനാസിന്റെ ജന്മദിനാഘോഷത്തോടെയാണ് ചിത്രങ്ങളുടെ പരമ്പര അവസാനിക്കുന്നത്. ലണ്ടൻ യാത്രയിലെ മികച്ച നിമിഷങ്ങളെ "വേനൽക്കാലത്തിലെ മാന്ത്രികത" എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്.
അതേസമയം, പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'വാരണാസി' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ഇന്ത്യൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിൽ 'മന്ദാകിനി' എന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.






