
‘നന്ദനം ’സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന തെന്നിന്ത്യൻ താരമാണ് അരവിന്ദ് ആകാശ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തന്റെ ദീർഘകാല പങ്കാളിയായ സാധ്വി ആർ. എസ് ആണ് വധു. അൻപതാം വയസ്സിലേക്ക് കടക്കവേയായിരുന്നു നടന്റെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അരവിന്ദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിവാഹത്തിന് ശേഷം സാധ്വിക്ക് നൽകിയ സർപ്രൈസ് കാൻഡിൽ ലൈറ്റ് ഡിന്നറിന്റെ സമയത്ത് എടുത്ത സെൽഫി ചിത്രത്തോടൊപ്പമാണ് അരവിന്ദിന്റെ പോസ്റ്റ്.
‘നിന്നെ ഇനിയും കൂടുതൽ സ്നേഹിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുമ്പോഴെല്ലാം, നീ അത് തെറ്റാണെന്ന് തെളിയിക്കുന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി’ എന്നാണ് അരവിന്ദ് കുറിച്ചത്.
ഭർത്താവ് തനിക്ക് നൽകിയ സർപ്രൈസ് കാൻഡിൽ ലൈറ്റ് ഡിന്നറിന്റെ സന്തോഷത്തെക്കുറിച്ച് സാധ്വിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
"ഇപ്പോഴും കഴിഞ്ഞ ദിവസത്തെ രാത്രിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ശരിക്കും മാന്ത്രികമായിരുന്നു അത്. ഒരു പെർഫെക്ട് കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കി എന്റെ ഭർത്താവ് എന്നെ പൂർണ്ണമായും സന്തോഷവതിയാക്കി" എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാധ്വി കുറിച്ചത്. നിരവധിപ്പേരാണ് ഇരുവരുടെയും പോസ്റ്റിനു താഴെ ഇവർക്ക് വിവാഹ മംഗളാശംസകൾ നേരുന്നത്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അരവിന്ദിന്റെയും സാധ്വിയുടെയും വിവാഹം. ഈ വർഷം ആദ്യമായിരുന്നു വിവാഹനിശ്ചയം. ജൂലൈ 1 ന് മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിൽ നിന്നുള്ള ചുരുക്കം ചില സഹപ്രവർത്തകരും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.






