ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയെക്കുറിച്ചുള്ള ചൂടന്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുമെന്ന് ബ്രിട്ടീഷ് ചാനല്‍. ഡയാന രാജകുമാരിയുടെ ലൈംഗിക ജീവിതം ഉള്‍പ്പെടെ വിഷയമാകുന്ന ഡോക്യുമെന്ററിയാണ് സംപ്രേക്ഷണത്തിന് ഒരുങ്ങുന്നത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അതൃപ്തിയും തന്റെ ലൈംഗിക താല്‍പ്പര്യങ്ങളും വെളിപ്പെടുത്തുന്ന ക്ലിപ്പ് ഈ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ചാനല്‍ 4 ആണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത്. ഡയാനയുടെ സ്വകാര്യ വിഷയങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് ചാനല്‍ 4 പ്രതികരിച്ചു. അവരുടെ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും ചാനല്‍ 4 കൂട്ടിച്ചേര്‍ത്തു. ഡയാനയുടെ ചരമവാര്‍ഷികം അടുക്കുന്ന സാഹചര്യത്തിലാണ് ഡോക്യൂമെന്ററി സംപ്രേക്ഷണത്തിന് തയ്യാറെടുക്കുന്നത്.
ചാള്‍സും ഡയാനയും തമ്മില്‍ ഏഴ് വര്‍ഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഹാരി ജനിച്ച ശേഷം ഇരുവര്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായെന്നും ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തലുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നതിനെതിരെ ബ്രിട്ടനില്‍ ഒരു വിഭാഗം പ്രതിഷേധം ഉന്നയിച്ചിട്ടുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിമര്‍ശനം. എന്നാല്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ഡയാനയുടെ ബോഡി ഗാര്‍ഡ് ആയിരുന്ന കെന്‍ വാര്‍ഫ് പിന്തുണച്ചു.
1986 മുതല്‍ 1993 വരെ ഡയാനയുടെ ബോഡി ഗാര്‍ഡ് ആയിരുന്നു വാര്‍ഫ്. 1997 ഓഗസ്റ്റ് 31നാണ് ഡയാന രാജകുമാരി കാറപടകത്തില്‍ കൊല്ലപ്പെട്ടത്.




