വാഷിങ്ടണ്‍: യു.എസ്.-ഇറാന് സമാധാനചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സമാധാന ചര്‍ച്ചകളുടെ ഭാഗമായിരുന്ന രണ്ടു പ്രമുഖരെ വധിക്കാന്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ കടന്നതായി റിപ്പോര്‍ട്ട്. ഇറാന് വിദേശ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിനെയുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 12-ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി പാകിസ്താനിലെ ഇസ്ലാമാബാദില് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് രാജ്യത്തേക്കു മടങ്ങുമ്പോള്‍ രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഇറാഖ് വഴി ഇറാന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായാണു റിപ്പോര്‍ട്ട്.
ഗാലിബാഫിനെയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന വിലയിരുത്തിയ യു.എസ്. ഉദ്യോഗസ്ഥര്‍ ഇറാന് മുന്നറിയിപ്പ് നല്കി. ടെഹ്റാനിലേക്കു പോവുകയായിരുന ഗാലിബാഫിന്റെ വിമാനം ഇതോടെ അടിയന്തരമായി വടക്കന്‍ ഇറാനിലെ മാഷാദിലിറക്കി.
പാകിസ്താനിലെ ചര്‍ച്ചകള്‍ക്കു ശേഷം ഇറാനിലേക്കു മടങ്ങുന്ന അബ്ബാസ് അരാഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിനെയും ഇസ്രയേല്‍ ലക്ഷ്യമിട്ടേക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടായിരുന്നു. വധശ്രമം ചര്‍ച്ചകളെ പാളം തെറ്റിച്ചേക്കുമെന്നു ഭയപ്പെട്ട യു.എസ്, ഭീഷണിയെക്കുറിച്ച് ഇറാന് മുന്നറിയിപ്പ് നല്കാന് മേഖലയിലെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഗാലിബാഫിനെ വധിക്കാന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ച ട്രംപ് ഭരണകൂടം അദ്ദേഹത്തിനെതിരേ നടപടിയെടുക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നെന്നും യു.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തങ്ങളുടെ ചര്ച്ചാസംഘാംഗങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടില്ലെന്ന് പാകിസ്താന്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വഴി യു.എസില്‍നിന്ന് ഇറാന് ഉറപ്പ് തേടുകയും ചെയ്തിരുന്നു.
ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന ഭീതിയില്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങളാണ് ഇറാന് പ്രതിനിധി സംഘത്തിന്റെ വിമാനത്തിന് ഇസ്ലാമാബാദിലേക്കും തിരിച്ചും അകമ്പടി സേവിച്ചത്.
പ്രതിനിധി സംഘത്തെ അനുഗമിച്ച ഗാലിബാഫിന്റെ മുതിര്‍ന്ന ഉപദേശകന് മഹ്ദി മുഹമ്മദി വാര്‍ത്ത സ്ഥിരീകരിച്ചു. 'ജീവനു ഭീഷണിയുണ്ടെന്ന് അറിഞ്ഞു തന്നെയാണ് ഗാലിബാഫും അരാഗ്ചിയും ചര്‍ച്ചാസംഘത്തിലെ മറ്റ് അംഗങ്ങളും മുന്നോട്ടുപോയത്. ഇത് രാഷ്ര്ടീയ തന്ത്രമല്ല, യഥാര്‍ത്ഥ ത്യാഗമാണ്.'- ഇറാന് എം.പി: മൊഹ്സെന്‍ സങ്കനേ ഏപ്രിലില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യു.എസ്. നടത്തിയ സമാധാനശ്രമങ്ങളെ ഇസ്രയേല്‍ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്. തങ്ങളുടെ വിപുലമായ സൈനികലക്ഷ്യങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ തടസമാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.




