ജനീവ: ചരിത്രപ്രാധാന്യമേറിയ തക്ഷശിലയുടെ തനിമ തകര്‍ക്കുന്നതരത്തിലുള്ള പുനര്‍നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ട് യുനെസ്കോ. ചരിത്രനിര്‍മിതികള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ സ്ഥലങ്ങളെ യുനെസ്കോയുടെ 'അപകടാവസ്ഥയിലുള്ള പൈതൃക പട്ടികയില്‍' ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ്.
പുരാതന കാലത്ത് തക്ഷശില എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ ടാക്സില എന്നാണ് പാകിസ്താനില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പുരാതനമായ ഉന്നതവിദ്യാഭ്യാസകേന്ദ്രമായാണു തക്ഷശില കരുതപ്പെടുന്നത്. പാകിസ്താനിലെ റാവല്‍പിണ്ടിക്കു സമീപം സ്ഥിതിചെയ്തിരുന്ന തക്ഷശിലയിലെ അനാവശ്യ ഇടപെടലുകള്‍ക്കെതിരേയാണ് യുനെസ്കോ രംഗത്തെത്തിയത്. മോഹ്റ മൊറാദു, സിര്‍കാപ്പ് എന്നീ ചരിത്രപ്രധാനമായ സ്ഥലങ്ങളെ ലോക പൈതൃക പട്ടികയില്‍നിന്ന് 'ഒഴിവാക്കാന്‍' മടിക്കില്ലെന്ന് അടുത്തിടെ നടന്ന ഉന്നതതലയോഗത്തില്‍ യുനെസ്കോ പാക് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സമാനമായ പ്രശ്നങ്ങളെത്തുടര്‍ന്നു ജര്‍മ്മനിയിലെ പൈതൃകകേന്ദ്രത്തെ മുമ്പ് പട്ടികയില്‍നിന്നു നീക്കം ചെയ്ത കാര്യവും യുനെസ്കോ പാക്അധികൃതരെ ഓര്‍മിപ്പിച്ചു. ഇതിനു പിന്നാലെയാണു കടുത്ത മുന്നറിയിപ്പുമായി യുനെസ്കോ രംഗത്തെത്തിയത്. പഞ്ചാബ് പുരാവസ്തു വകുപ്പാണു തക്ഷശിലയില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പഴയ മതിലുകള്‍ക്കു പകരം പുതിയവനിര്മിക്കുകയും ഉയരും കൂട്ടുകയും ചെയ്തതാണു വിവാദത്തിന് ആധാരം.




