
ടെഹ്റാന്: യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്ക് തുടക്കമായി. ഫെബ്രുവരി 28-ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ വസതിക്ക് നേരെ നടന്ന ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരുക്കങ്ങളാണ് ഖമനേയിയുടെ സംസ്കാരച്ചടങ്ങിനായി ഇറാന്റെ ഭരണകൂടം നടത്തുന്നത്.
ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്ന വന്ചടങ്ങുകള്ക്കായി ഖമേനിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ടെഹ്റാനില്‍ എത്തിച്ചുകഴിഞ്ഞു. ഇന്നു നടക്കുന്ന വിലാപയാത്രയില്‍ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ രണ്ടു കോടിയോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. യു.എസുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന് ഭരണകൂടം ഖമനേയിയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഗ്രാന്‍ഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങളും രാജ്യാന്തര ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. ഖമനയിയുടെ മൃതദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല പള്ളിയിലെത്തിച്ചപ്പോള്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ്, ചീഫ് ജസ്റ്റിസ് ഗുലാംഹുസൈന് മൊഹ്സെനി ഇജൈ എന്നിവര്‍ നിറകണ്ണുകളോടെ നില്ക്കുന്ന ദൃശ്യങ്ങള്‍ ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഖമനയിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
ടെഹ്റാനിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലേക്കും കര്‍ബലയിലേക്കും കൊണ്ടുപോകും. തുടര്‍ന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കന്‍ ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലെ ഇമാം റെസ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഖബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ ലഫ്. ജനറല്‍ (റിട്ട.) സയ്യിദ് അത്താ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും ചടങ്ങില്‍ പങ്കെടുക്കും. പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പുറമേ ചൈനയുടെയും അഫ്ഗാനിസ്ഥാന്റെയും പ്രതിനിധികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
ഷിയാ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആത്മീയ നേതാവായിരുന്നു അലി ഖമനേയി. പിതാവിന്റെ മരണശേഷം ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി ചുമതലയേറ്റ മകന് മൊജ്താബ ഖമനേയിയും കടുത്ത സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മൊജ്താബ ജീവന് ഭീഷണിയുള്ളതിനാല്‍ പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
ഖമനേയി മരിച്ച് നാലു മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംസ്കാരം നടക്കുന്നത് എന്നത് ഇസ്ലാമിക ആചാരപ്രകാരം തികച്ചും അസാധാരണമാണ്. മൃതദേഹം മതപരമായ നിയമങ്ങള്‍ക്കനുസൃതമായി ശീതീകരിച്ച അറയില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ഇറാന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസ പ്രകാരം, മൃതദേഹത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള എംബാമിങ് അനുവദനീയമല്ലാത്തതിനാലാണ് മൃതദേഹം ശീതീകരിച്ച് സൂക്ഷിച്ചത്.




