
ദുബായ്: വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് വില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 22 വെബ്സൈറ്റുകള്‍ റാസ് അല്‍ ഖൈമ പോലീസ് അടച്ചുപൂട്ടി. മയക്കുമരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് സംശയം തോന്നിയ പോലീസ് വെബ്സൈറ്റ് സ്ഥിരമായി നിരീക്ഷിക്കുകയും മയക്കുമരുന്നുകള്‍ കടത്തുന്നവരെ പിടിക്കൂടാന്‍ ഇത് സഹായകമാണെന്നും റാസ് അല്‍ ഖൈമ പോലീസ് പറഞ്ഞു.
ഇത്തരത്തിലുള്ള നിയമവിരുദ്ധ വെബ്സൈറ്റുകള്‍ കണ്ടെത്തുന്നതിനായി പോലീസ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തില്‍ ഇലട്രോണിക് പട്രോള്‍ ടീം രൂപീകരിച്ചെന്നും റാസ് അല്‍ ഖൈമ പോലീസിന്റെ ആന്റി നാര്‍കോട്ടിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അഡ്നാന് അലി അല്‍ സാബി പറഞ്ഞു.
വിവിധ തരത്തിലുള്ള മയക്കുകരുന്നുകള് എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന അപകടകാരികളായ നിരവധി വെബ്സൈറ്റുകളെ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ചാറ്റുകളിലുടെയും സോഷ്യല്‍ മീഡിയാളിലുടെയും മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.






