ന്യുഡല്‍ഹി: പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യഘടകമാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ ദിനാത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അനുകമ്പയും സമത്വവും സഹകരണവും നിറഞ്ഞ സമൂഹമാകണം ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത സമരസേനാനികളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗം മറക്കരുത്. ഗാന്ധിജി ഒറ്റയ്ക്കായിരുന്നില്ല സ്വാതന്ത്ര്യ സമരം നയിച്ചത്. സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായ് പട്ടേല്‍, അംബേദ്കര്‍, ഭഗത് സിങ് തുടങ്ങിയവരുടെ സംഭാവനകള്‍ മറക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ചരക്കുസേവന നികുതിയെ പുകഴ്ത്താനും രാഷ്ട്രപതി മറന്നില്ല. ജിഎസ്ടി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. 2022ല്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകണം. 125 കോടി ജനങ്ങള്‍ ഒരുമിച്ച് നിന്ന് ദീപം തെളിയിച്ചാല്‍ പുതിയ ഇന്ത്യയിലേക്കുള്ള യാത്ര ദീപ്തമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.






