
ആലപ്പുഴ: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. എം.പിയുമായ എല്‍.കെ. അദ്വാനിയുടെ കുമരകം സന്ദര്‍ശനവേളയില്‍ കായല്യാത്രയ്ക്കുപയോഗിച്ച ഹൗസ്ബോട്ട് വ്യാജന്!
ആലപ്പുഴ തുറമുഖ കാര്യാലയത്തില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖപ്രകാരം അദ്വാനിയും കുടുംബവും സവാരി നടത്തിയത് കെ.ഐ.വി./എ.എല്‍.പി/എച്ച്.ബി 0050/10 എന്ന ഹൗസ്ബോട്ടിലാണ്. ഈ നമ്പരിലുള്ള ബോട്ട് തന്റേതാണെന്നും അദ്വാനി കായല്‍യാത്ര നടത്തിയത് തന്റെ ബോട്ടിലല്ലെന്നുമുള്ള വാദവുമായി ആലപ്പുഴ തത്തംപള്ളി സി.ജെ. ജോസഫ് രംഗത്തെത്തി.
ജൂണ്‍ രണ്ടാംവാരമായിരുന്നു അഞ്ചുദിവസം നീണ്ട അദ്വാനിയുടെ കുമരകം സന്ദര്‍ശനം. മകള്‍ പ്രതിഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കുമരകത്തെ റിസോര്‍ട്ടില്‍ തങ്ങിയ അദ്ദേഹം കായല്‍യാത്രയും നടത്തി. 2017ല്‍ സര്‍വേ നടത്തിയ ബോട്ടുകളില്‍ ഭൂരിഭാഗത്തിനും ലൈസന്‍സ് പുതുക്കി നല്‍കാതെ വന്നത് അദ്വാനിയുടെ കായല്‍യാത്രയ്ക്ക് പ്രതിബന്ധമായിരുന്നു. ഇതോടെ മറ്റൊരു ബോട്ട് തരപ്പെടുത്തി നല്‍കുകയായിരുന്നു.
ഈ ബോട്ട് ഏതെന്നറിയാന്‍ ഓള് കേരളാ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ആലപ്പുഴ സ്വദേശിയുടെ ബോട്ടിന്റെ നമ്പര്കാട്ടി മറുപടി ലഭിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടതനുസരിച്ച് ലൈസന്‍സുള്ള ഈ ബോട്ടിന് അനുമതി നല്‍കിയെന്നായിരുന്നു മറുപടി. ഈ കാലയളവില്‍ തന്റെ ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കരയ്ക്കുകയറ്റിയിരിക്കുകയായിരുന്നെന്ന് ഹൗസ്ബോട്ട് ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് സമിതി പ്രസിഡന്റുകൂടിയ സി.ജെ. ജോസഫ് പറയുന്നു. എന്‍.എസ്.ജി. ഉള്‍െപ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മറ്റേതോ ബോട്ട് നല്കിയെന്നുള്ള ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
2017ലെ സര്‍വേയില്‍ ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലായി 136 ഹൗസ് ബോട്ടുകള്‍ക്കാണു ലൈസന്‍സ് പുതുക്കി നല്‍കാനുള്ളത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന പേരില്‍ ഇവയുടെ സവാരിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.






