
കോഴിക്കോട്: കോഴിക്കോടുനിന്നു പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സ് ബസ് കര്‍ണാടകയില്‍ മൈസുരു-ബംഗളുരു എക്‌സ്പ്രസ് വേയില്‍ ബിഡദിക്കു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ് കോഴിക്കോട് സ്വദേശികളായ ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. ഡ്രൈവര്‍ നടക്കാവ് വെള്ളയില്‍ സ്വദേശി മിഥിലേഷ്, കണ്ടക്‌ടര്‍ ചേവായൂര്‍ സ്വദേശി എന്‍.എം. അരുണ്‍ എന്നിവരാണ് മരിച്ചത്. യാത്രക്കാരനായ കോട്ടൂളി സ്വദേശി സനൂപിന് ഗുരുതരമായി പരുക്കേറ്റു. 29 യാത്രക്കാരില്‍ ഇരുപതോളം പേര്‍ക്കു പരുക്കുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ അധികവും മലയാളികളാണ്. ബംഗളൂരു രാമനഗര ബിഡദിയില്‍ ഇന്നലെ രാവിലെ 6.40 നായിരുന്നു അപകടം. കഴിഞ്ഞ ഏഴിനു രാത്രി ഒമ്പതരയ്‌ക്കാണു കെ.എല്‍15എ 1963 നമ്പര്‍ ബസ് കോഴിക്കോട്ടുനിന്നു പുറപ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് റോഡരികിലെ സൂചനാ ബോര്‍ഡിലിടിച്ച് വലതുവശത്തേക്കു തലകീഴായി മറിയുകയുമായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറും കണ്ടക്‌ടറും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബിഡദി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെതുടര്‍ന്ന് എക്‌സ്പ്രസ് ഹൈവേയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടകാരണം അമിതവേഗതയായിരുന്നോ സാങ്കേതിക തകരാറാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ച ഡ്രൈവര്‍ മിഥിലേഷ് മൈസൂര്‍ സര്‍വീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തിയത് വെള്ളിയാഴ്‌ച പുലര്‍ച്ചെയാണെന്നാണ് അറിയുന്നത്. രാത്രിയില്‍ ബംഗളൂരു സര്‍വീസില്‍ വീണ്ടും ഡ്യൂട്ടിക്ക് കയറിയെന്നാണ് വിവരം.







Comments