
തിരുവനന്തപുരം/മലപ്പുറം/കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍പ്പോയ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ തലസ്‌ഥാനത്തും വലവിരിച്ച് അന്വേഷണസംഘം. തലസ്‌ഥാനത്തെ ചില വ്യക്‌തികളുടെ നീക്കങ്ങളും ആയങ്കിയുമായുള്ള ബന്ധവും നിരീക്ഷണത്തിലെന്നു സൂചന.
മലപ്പുറം എടപ്പാളിലെ ഒരു ആശുപത്രി കോഫി ഷോപ്പില്‍ ആയങ്കി എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതും ഇയാളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ച അഞ്ചുപേര്‍ അറസ്‌റ്റിലായതും അന്വേഷണത്തില്‍ വഴിത്തിരിവായി. തിരൂര്‍ ഡിവൈ.എസ്.പി: എ.എം. സിദ്ദിഖിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു എടപ്പാളിലെ പരിശോധന. ആയങ്കിയുടെ ഫോണ്‍, യാത്രാ വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ എന്നിവയും പരിശോധനയിലാണ്. എറണാകുളം റൂറല്‍ എസ്.പി: കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈ.എസ്.പി: കെ.ആര്‍. മനോജിന്റെ മേല്‍നോട്ടത്തിലാണ് 11 അംഗ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) ആയങ്കിക്കായി വിവിധ ജില്ലകളിലേക്കും സംസ്‌ഥാനാതിര്‍ത്തികളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചത്.
ഇതിനിടെ, ആയങ്കി സഞ്ചരിച്ച കാര്‍ കണ്ണൂര്‍ പുതിയതെരുവിനു സമീപം പനങ്കാവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ആയങ്കിയുടെ ഭാര്യയുടെ പേരിലാണ് വാഹനം.കഴിഞ്ഞ അഞ്ചിന് രാവിലെ 11-നാണ് ആയങ്കി എടപ്പാളില്‍ കുറ്റിപ്പുറം റോഡിലെ ആയുര്‍ഗ്രീന്‍ ആശുപത്രിയുടെ കോഫി ഷോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേരെ തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസ് പിടികൂടി.
എടപ്പാള്‍ വട്ടംകുളം അഴകത്ത് വളപ്പില്‍ ഫൈസല്‍ (33), അധികാരത്ത് വളപ്പില്‍ അബൂബക്കര്‍ സിദ്ദിഖ് (34), മുണ്ടേക്കാട്ടില്‍ നൗഫല്‍ (36), പാലക്കവളപ്പില്‍ അഷ്‌കര്‍(36) എന്നിവരെയും പോലീസിന്റെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ച ഉദിനിക്കൂട്ടില്‍ മുഹമ്മദ് റാഫിയേയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്ത് നീക്കങ്ങള്‍ ചടുലമായത്. ജാമ്യമില്ലാതെ ആറുമാസമായി ആയങ്കി പുറത്ത് വിലസിയിട്ടും അറസ്‌റ്റ് ചെയ്യാതിരുന്നതില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: പി. വിജയന്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. തുടര്‍ന്ന്, ആയങ്കിയേയും സമാനരീതിയില്‍ ഒളിവിലുള്ള കുറ്റവാളികളെയും പൂട്ടാന്‍ 'ഓപ്പറേഷന്‍ ഗ്രിപ്പ്' എന്ന പ്രത്യേകദൗത്യത്തിനും തുടക്കമിട്ടു.
ആയങ്കി അത്ര വലിയ പുള്ളിയല്ല: മന്ത്രി രമേശ് ചെന്നിത്തല
പാലക്കാട്: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് അവരുടേതായ രീതികളുണ്ട്. അതെല്ലാം ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് വിധേയമാണ്.
ആയങ്കിയുടെ ഭീഷണി അത്ര വലിയ കാര്യമൊന്നുമല്ലെന്നും മന്ത്രി പറഞ്ഞു. റൗഡികള്‍ ഇതുപോലെ ഓരോന്ന് പറയാറുണ്ട്. അത് കൈകാര്യം ചെയ്യാന്‍ പോലീസിന് അറിയാം. ആയങ്കിയെ വെടിവയ്‌ക്കാന്‍ ഉത്തരവിട്ടതായി തനിക്കറിയില്ല. ചുമ്മാ ആളുകളെ വെടിവയ്‌ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.







Comments