
കൊളംബോ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് ചെയ്ത താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ എം.എസ് ധോണി. ശ്രീലങ്കയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ധോണി ലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 99 സ്റ്റംപിങ് വീതമാണ് ഇരുവരുടെയും ഇപ്പോഴത്തെ നേട്ടം. ഈ പരമ്പരയില്‍ ഒരെണ്ണം കൂടിയായാല്‍ ധോനിയുടെ പേരിലാകും ഈ റെക്കോഡ്.
ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ സ്റ്റംപ് ചെയ്താണ് ധോണി ഈ ചരിത്രനേട്ടത്തിലെത്തിയത്. യൂസ് വേന്ദ്ര ചാഹലിന്റെ പന്തിലായിരുന്നു ഗുണതിലകയെ പുറത്താക്കി ധോണി ചരിത്ര നേട്ടത്തിനൊപ്പമായത്. ചാഹലിനെ കയറി അടിക്കാനുള്ള ഗുണതിലകയുടെ ശ്രമം പാളി. ബീറ്റ് ചെയ്ത പന്ത് ധോണിയുടെ അടുത്തേക്ക്. ആദ്യ ശ്രമത്തില്‍ കൈപിടിയില്‍ നിന്ന് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ കീപ്പര്‍ വിക്കറ്റ് ഇളക്കി.
നേട്ടത്തില്‍ ശ്രീലങ്കയുടെ മുന്‍ നായകനൊപ്പമെത്തിയ ധോണി പക്ഷേ സ്റ്റംപിംഗിന്റെ കാര്യത്തില്‍ സംഗക്കാരയേക്കാള്‍ വളരെ കുറവ് മത്സരങ്ങളേ എടുത്തിട്ടുള്ളൂ. 298-ാം ഏകദിന മത്സരത്തില്‍ തന്നെ ധോനി ഈ മികവ് കണ്ടെത്തി. പക്ഷേ സംഗക്കാരയ്ക്ക് ഈ നേട്ടം കണ്ടെത്താന്‍ വേണ്ടി വന്നത് 404 ഏകദിനങ്ങളായിരുന്നു. അടുത്ത മത്സരത്തില്‍ കൂടി നടത്താനായാല്‍ ഇക്കാര്യത്തില്‍ സെഞ്ച്വറി നേടാനും മുന്‍ ഇന്ത്യന്‍ നായകന് സാദ്ധ്യമാകും.
അതേസമയം ഈ പരമ്പരയില്‍ തന്നെ ധോണിക്ക് റെക്കോര്‍ഡ് സൃഷ്ടിക്കാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം, കുമാര്‍ സംഗക്കാര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ധോണിക്ക് വെല്ലുവിളികളൊന്നും ഇല്ല.






