
ചണ്ഡീഗഡ്: ലൈംഗികപീഡനക്കേസിലൂടെ വിവാദത്തില്‍ പെട്ടതോടെ ദേരാ സച്ചാ സൗദയ്ക്കെതിരേ വിശ്വാസികള്‍ക്ക് സായുധ പരിശീലനങ്ങളും ആശ്രമത്തില്‍ ആയുധ സൂക്ഷിപ്പും നടക്കുന്നതായി ആരോപണം വീണ്ടും ഉയരുന്നു. റാം റഹീമിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്ന കലാപം ആസൂത്രണം ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലാണ് സൈനിക വിഭാഗം. 2010 ല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം ഉയര്‍ത്തിയ സംശയം ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ നടന്ന അക്രമ - കലാപ പ്രവര്‍ത്തനങ്ങളോടെയാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ദേരാ വിശ്വാസികള്‍ നടത്തിയ അക്രമത്തില്‍ 39 പേരാണ് മരിച്ചത്. 250 ലേറെ പേര്‍ക്ക് പരിക്കും പറ്റി.
വിമുക്തഭടന്മാരെ പരിശീലനത്തിനായും വിദഗ്ദോപദേശത്തിനുമായി ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ദേരയില്‍ നിന്നും അകന്നു നില്ക്കാന് സൈനികര്‍ക്ക് പ്രത്യേക നിര്‍ദേശം വരെ അന്ന് നല്‍കിയിരുന്നു. 2010 ന് ശേഷം പഞ്ചകുല കലാപം വരെ ആശ്രമത്തിനുള്ളില്‍ വിശ്വാസികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായോ ആയുധങ്ങള്‍ സൂക്ഷിക്കുന്നതായോ വിവരം പോലീസിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ കലാപത്തിന് പിന്നാലെ തോക്കുകളും പിസ്റ്റളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ആശ്രമത്തില്‍ നിന്നും വിശ്വാസികളില്‍ നിന്നും പിടിച്ചെടുത്തതാണ് വീണ്ടും സംശയം ഉയരാന്‍ കാരണം.
2010 ന് പിന്നാലെ 2014 ലും ഒരു ആശ്രമവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ സായുധ പരിശീലനമെന്ന വിവാദം ഉയര്‍ന്നു വന്നിരുന്നു. അന്ന് വിവാദനായകന്‍ രാംപാല്‍ ആയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇയാളുടെ ഹിസാറിലെ സാത്ലോക് ആശ്രമത്തിനുള്ളിലേക്ക്് കടന്നുകയറാനുള്ള പോലീസിന്റെ നീക്കം വിശ്വാസികള്‍ തടഞ്ഞത് വലിയ കലാപത്തിലേക്കാണ് നയിച്ചത്. ആറു പേരാണ് മരണമടഞ്ഞത്. പിന്നീട് 2014 ഡിസംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്വമേധയാ സാത്ലോക് ആശ്രമത്തിനെതിരേ കേസെടുക്കുകയും റിപ്പോര്‍ട്ട് നല്കാന് ഹരിയാന സര്‍ക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു. 2015 ല്‍ ഹരിയാന സര്‍ക്കാര്‍ ഒരു ആയുധവും കണ്ടെടുക്കാനായില്ലെന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ദേരയ്ക്ക് ക്ളീന്‍ചിറ്റ് നല്‍കുകയും ചെയ്തു.






