
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷം അമിത നിക്ഷേപം നടത്തിയ 9.72 ലക്ഷം പേര് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. നിരോധനത്തിനു ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ അമിതമായ നിക്ഷേപം നടത്തിയവരെയാണ് ആദായവകുപ്പ് നിരീക്ഷിക്കുന്നത്.
റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം എന്നതും ശ്രദ്ധേയം. ആകെ 13.33 ലക്ഷം അക്കൗണ്ടുകളിലായി 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം പേരാണ് നിരീക്ഷണ വലയത്തിലുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അതിനു ശേഷം 99 ശതമാനവം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അനധികൃതമായി സാമ്പത്തിക വിനിമയം നടത്തുന്നവരെ കണ്ടെത്താന്‍ നോട്ടു നിരോധനം വഴിയൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം.






