
കൊച്ചി: രാജ്യത്ത് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള പ്രഫഷണല്‍ സ്‌ഥാപനങ്ങളില്‍ ജാതി വിവേചനം മൂലമുള്ള വിദ്യാര്‍ഥി ആത്മഹത്യകളെപ്പറ്റി വ്യക്‌തമായ കണക്കില്ലാതെ നാഷണല്‍ ൈക്രം റെക്കോഡ്‌സ് ബ്യൂറോ. മൂന്നുവര്‍ഷത്തിനിപ്പുറമുള്ള കണക്കുകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശനിയമപ്രകാരമുള്ള മറുപടി.
രാജ്യത്ത് പ്രതിവര്‍ഷം 1400 ആത്മഹത്യകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ജാതീയവും സാമുദായികവും ലിംഗപരവുംസാമ്പത്തികവുമായ വിവേചനങ്ങളില്‍ മനംനൊന്താണ് മിക്കവരും ജീവിതം പാതിവഴിയില്‍ ഒടുക്കുന്നത്.
2021-ലെ ഇന്ത്യന്‍ ജേണല്‍ ഫോര്‍ സൈക്യാട്രി പഠനപ്രകാരം 2015-2021 കാലയളവില്‍ നൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതായി കണ്ടെത്തി. വിവരാവകാശരേഖകള്‍ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ മദ്രാസ് ഐ.ഐ.ടിയില്‍ മാത്രം 14 ആത്മഹത്യ നടന്നു. 2019-ലാണ് മദ്രാസ് ഐ.ഐ.ടി. പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത്.
സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഒരു അധ്യാപകന്റെ മുന്‍വിധികളിലൂന്നിയ പെരുമാറ്റവും വിവേചനവുമാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഫാത്തിമയുടെ മരണം മാനസിക, വൈകാരികസമ്മര്‍ദം മൂലമാണെന്ന് സ്‌ഥാപിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്‌തത്.അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണവും മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വിവേചനം സംബന്ധിച്ച പരാതികളില്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അധ്യാപകര്‍ക്കും സ്‌ഥാപനങ്ങള്‍ക്കുമൊപ്പമാണ് നില്‍ക്കുന്നതെന്നും ആരോപണമുണ്ട്. കാമ്പസുകളിലെ ജാതി വിവേചനപരാതികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 118% വര്‍ധിച്ചു. 2023-24 കാലയളവില്‍ 308 കേസുകളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 110 കേസുകള്‍ പരിഹാരമില്ലാതെ യു.ജി.സിക്കും സര്‍വകലാശാല അധികൃതര്‍ക്കും മുന്നില്‍ കെട്ടിക്കിടക്കുന്നു.
സുപ്രീം കോടതിയില്‍ ഏഴരവര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ ഭാഗമായി യു.ജി.സി. പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ചില സംഘടനകള്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണംപോലും ജാതീയവിവേചനം മൂലമല്ലെന്നു സ്‌ഥാപിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്. ക്യാമ്പസുകളിലെ വിവേചനം അവസാനിപ്പിക്കാന്‍ കൊണ്ടുവന്ന യു.ജി.സി. മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചതും തിരിച്ചടിയായി.
രാജു പോള്‍






