
കൊച്ചി: തെരഞ്ഞെടുപ്പിനു പിന്നാലെ പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും നടത്തിയ പ്രസ്‌താവനകള്‍ അവഗണിച്ച് ബി.ജെ.പി. നേതൃത്വവുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ ക്രൈസ്‌തവ സഭാനേതൃത്വങ്ങള്‍. തെരഞ്ഞെടുപ്പില്‍ ക്രൈസ്‌തവര്‍ സഹായിച്ചില്ലെന്നു ചില കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പല മണ്ഡലങ്ങളിലും ക്രൈസ്‌തവ വോട്ടുകള്‍ എന്‍.ഡി.എ. സ്‌ഥാനാഥികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സഭകളുടെ അവകാശവാദം. പി.സി. ജോര്‍ജിന്റെ അധിക്ഷേപത്തിനു പിന്നാലെ ബി.ജെ.പി. നേതാക്കള്‍ ബിഷപ്പുമാരെ വിളിച്ച് സംസാരിച്ചിരുന്നു. വൈകാതെ സഭാ നേതാക്കള്‍ ബി.ജെ.പി. നേതൃത്വത്തെ കാണും.
കേരളത്തിലെ ക്രൈസ്‌തവ സഭകളെ എതിര്‍ത്തുകൊണ്ടു ബി.ജെ.പിക്കു മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവു ബി.ജെ.പിക്കുണ്ട്. അതിനാലാണു ആര്‍ച്ചുബിഷപ്പ് റാഫേല്‍ തട്ടില്‍, പാല ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ ഷോണ്‍ ജോര്‍ജ് പോയിക്കണ്ടത്. പ്രശ്‌നം പരിഹരിച്ചെന്നാണു ഷോണ്‍ പറയുന്നതെങ്കിലും സഭയുടെ പരിഭവം മാറിയിട്ടില്ല. തെരഞ്ഞെടുപ്പിനു പിന്നാലെയാണു പാലായിലെയും പൂഞ്ഞാറിലേയും ബി.ജെ.പി. സ്‌ഥാനാര്‍ഥികളായ ഷോണ്‍ ജോര്‍ജും പി.സി. ജോര്‍ജും സഭ നേതൃത്വത്തിനെതിരെയും മുഖപത്രമായ ദീപികയ്‌ക്ക് എതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇരുവരും നടത്തിയ പ്രസ്‌താവനകളില്‍ കടുത്ത അതൃപ്‌തിയാണു സഭയ്‌ക്കുള്ളത്. വിവിധ രൂപതാ തലങ്ങളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബി.ജെ.പി. നേതൃത്വം ബിഷപ്പുമാരെ വിളിച്ചു നടപടിയെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. സംസ്‌ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരമാണു ഷോണ്‍ ജോര്‍ജ് ബിഷപ്പുമാരെ കണ്ടത്. ഇരുവര്‍ക്കും തല്‍ക്കാലം സഭാവേദികള്‍ നല്‍കേണ്ടതില്ലെന്നാണു സഭയുടെ തീരുമാനം.
അതേസമയം, ആര്‍.എസ്.എസുമായി നല്ല ബന്ധമാണു കേരളത്തിനെ സഭകള്‍ക്കുള്ളത്. ദേശീയതലത്തിലുള്ള ആ ബന്ധം നിലനിര്‍ത്താനാണു സഭകളുടെ നീക്കം. അതിനിടെ, പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാടാണു ക്രൈസ്‌തവ സഭകള്‍ക്കുള്ളതെന്നു ആര്‍.എസ്.എസ്. മുഖപത്രമായ കേസരിയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
അതേസമയം, ക്രൈസ്‌തവ വോട്ടുകള്‍ പ്രതീക്ഷിച്ചത്ര ലഭിക്കില്ലെന്നു വ്യക്‌തമായതോടെ അവരെ വരുതിയില്‍ കൊണ്ടുവരാനാണു തിടുക്കത്തില്‍ എഫ്.സി.ആര്‍.എ. ഭേദഗതി ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ നീങ്ങിയില്ല. ബി.ജെ.പിയ്‌ക്കു വോട്ടുചെയ്യാനിരുന്ന കുറെ വോട്ടുകള്‍ മാറിപ്പോയി.
ക്രൈസ്‌തവ വോട്ടുകിട്ടി ജയിക്കില്ലെന്നു തിരിച്ചറിഞ്ഞാണു ബി.ജെ.പി. തങ്ങള്‍ക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഹൈന്ദവവോട്ടുകള്‍ ലക്ഷ്യമിട്ട് എഫ്.സി.ആര്‍.എ. പ്രയോഗം നടത്തിയതെന്നാണു രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമപടപടികള്‍ ഭൂരിപക്ഷ വിഭാഗത്തെ സന്തോഷിപ്പിക്കുമെന്നും അങ്ങനെ, ഉറപ്പുള്ള സീറ്റുകളില്‍ ജയിച്ചുകയറാമെന്നുമാണു ബി.ജെ.പി. കണക്കുകൂട്ടിയത്.
ജെബി പോള്‍






