
കോട്ടയം: വെള്ളം ഇല്ലാത്തതുമൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ശസ്‌ത്രക്രിയകള്‍ മുടങ്ങി. പുതിയ ജനറല്‍ സര്‍ജറി വിഭാഗത്തിലാണു പ്രതിസന്ധി. മൂന്നു ശസ്‌ത്രക്രിയകള്‍മാത്രമാണ് ഇന്നലെ നടന്നത്. മറ്റുള്ളവയെല്ലാം മാറ്റി. ശസ്‌ത്രക്രിയയ്‌ക്കുശേഷം കൈകഴുകാന്‍ പോലും വെള്ളമില്ല! സാധാരണ ദിവസങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി 30 മുതല്‍ 40 വരെ ശസ്‌ത്രക്രിയകളാണ് നടക്കുന്നത്. സര്‍ജിക്കല്‍ ബ്ലോക്കില്‍ നടക്കുന്ന സെലക്‌ടീവ് ശസ്‌ത്രക്രിയകളും വെള്ളമില്ലാത്തതുതുമൂലം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, അടിയന്തര ശസ്‌ത്രക്രിയകള്‍ക്കു പ്രശ്‌നമില്ല.
കഴിഞ്ഞ 12 നു വൈകിട്ട് മോട്ടറിന്റെ തകരാര്‍ പരിഹരിച്ചു വെള്ളം പമ്പു ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇന്നലെ രാവിലെ വീണ്ടും മോട്ടറും അനുബന്ധ സാമഗ്രികളും തകരാറിലായി. രോഗികളും കൂട്ടിരിപ്പുകാരും രാവിലെ ശൗചാലയത്തിലെത്തിയപ്പോഴാണ് ടാപ്പില്‍ വെള്ളം ഇല്ലെന്നു മനസിലായത്. കഴിഞ്ഞ ദിവസം സ്വകാര്യ വെള്ളവിതരണ കമ്പനി ടാങ്കില്‍ വെള്ളം നിറച്ചെങ്കിലും അതും തീര്‍ന്നിരുന്നു.
അതിനിടെ, ഇന്നലെ ഉച്ചയ്‌ക്കുശേഷം പുതിയ പമ്പ് സെറ്റ് സ്‌ഥാപിച്ച് പ്രശ്‌നം പരിഹരിച്ചു. വെള്ളപ്രശ്‌നം പരിഹരിച്ചതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന 24 ശസ്‌ത്രക്രിയകള്‍ക്ക് പുതിയ തീയതി നിശ്‌ചയിക്കും. പ്രശ്‌നം പരിഹരിച്ചെങ്കിലും കേടായ മോട്ടര്‍ നന്നാക്കാനുള്ള ശ്രമം തുടരുകയാണ്.
ശതകോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച പുതിയ സര്‍ജറി ബ്ലോക്കില്‍ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ സ്‌ഥാപിച്ചതാണു പ്രശ്‌നങ്ങള്‍ക്കു മുഖ്യ കാരണമെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയായിരുന്നു രണ്ടു മാസം മുമ്പ് ഈ ബ്ലോക്കിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.






