
കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്കൊപ്പം സംസ്‌ഥാനത്തെ ദളിത് വിഭാഗങ്ങളും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചതായി ഇടതു വിലയിരുത്തല്‍. സംവരണ മണ്ഡലങ്ങളിലും ശക്‌തമായ മത്സരം നടന്നത് ഇതിന്റെ തെളിവാണെന്നാണു സി.പി.എമ്മും സി.പി.ഐ.യും തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തിയത്. നിലവിലുള്ള നാലു സംവരണ സീറ്റുകളെങ്കിലും ഇത്തവണ നഷ്‌ടപ്പെടുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ഇതിന് പ്രധാന കാരണം ദളിത് വോട്ടുകള്‍ പൂര്‍ണമായും യു.ഡി.എഫിലേക്കു പോയതാകുമെന്നാണ് ജില്ലാ തല അവലോകന യോഗത്തില്‍ സി..പി.എമ്മും സി.പി.ഐയും റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ എസ്.സി/എസ്.ടി ക്ഷേമത്തിനായി നീക്കിവെച്ച 7,411 കോടി രൂപ പാഴായിപ്പോയിരുന്നു. ഇത് ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ചതായി ചൂണ്ടിക്കാട്ടി വിവിധ ദളിത് സംഘടനകള്‍ സംസ്‌ഥാന സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ദളിത് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഈ വിഭാഗങ്ങളെ യു.ഡി.എഫിന് അനുകൂലമാക്കിയത്. വി.ഡി. സതീശന്‍ നടത്തിയ പുതയുഗ യാത്രയ്‌ക്കിടെ കോട്ടയത്ത് നടന്ന പൊതുസമ്മേളനത്തില്‍ സി.എസ്.ഡി.എസ്. സംസ്‌്ഥാന സെക്രട്ടറി കെ.കെ.സുരേഷ് വേദിയിലെത്തി സി.എസ്.ഡി.എസിന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ദളിത് വിഭാഗങ്ങള്‍ പിന്തുണയ്‌ക്കുന്നതിനു പ്രത്യുപകാരമായി ദളിത് സാഹിത്യകാരന്‍ സണ്ണി എം.കപിക്കാടിന് വൈക്കം സീറ്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പ്രദേശിക വികാരം പറഞ്ഞ് സണ്ണി എം. കപിക്കാടിന് സീറ്റ് നിഷേധിച്ചെങ്കിലും ദളിത് വിഭാഗം യുഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പായി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് 65 ലധികം ദളിത്, ആദിവാസി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ആദിവാസി, ദളിത് വിഭാഗങ്ങളെയും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെയും അവഗണിക്കുന്നതായി ആരോപിച്ചാണ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.സംസ്‌ഥാനത്തിന്റെ മൊത്തം ബജറ്റിന്റെ ഏഴിലൊന്ന് മാത്രം വരുന്ന പ്ലാന്‍ ഫണ്ടിന്റെ വെറും 10 ശതമാനം മാത്രമാണ് എസ്.സി/എസ്.ടി വികസനത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നും അതിന്റെ ഗണ്യമായ ഒരു ഭാഗം ഉപയോഗിക്കാതെ കിടക്കുകയാണെന്നും ദളിത് വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു.
ഭൂരഹിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 19,000 ഏക്കര്‍ ഭൂമി ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. ലൈഫ് ഭവന പദ്ധതിക്ക് കീഴിലുള്ള ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം എസ്.സി/എസ്.ടി വിഹിതത്തില്‍നിന്ന് വരുന്നുണ്ടെങ്കിലും ഈ സമൂഹങ്ങളില്‍ നിന്നുള്ള ഗുണഭോക്‌താക്കളെ അവഗണിക്കുന്നു തുടങ്ങിയ വിഷയങ്ങളും ദളിത് വിഭാഗങ്ങള്‍ സര്‍ക്കാരിനെതിരേ ഉന്നയിച്ചിരുന്നു.
ഷാലു മാത്യു






