
കോട്ടയം: സംസ്ഥാനത്ത് ബാറുകള്‍ തുറന്നതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ "വി.ഐ.പി"കളായി. ഇതോടെ ബാര്‍ ഉടമകളുടെ ക്ഷണം സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ എക്സൈസ് പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചു. സാധാരണ ആഘോഷവേളകളില്‍ എക്സൈസിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ബാര്‍ തുറന്ന പശ്ചാത്തലത്തിലാണു കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രത്യേക സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകളും നിരീക്ഷിക്കാനാണു തീരുമാനം. ബാര്‍ ഉടമകളുമായി അടുപ്പംപുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ പ്രത്യേകം കണ്ടെത്തണമെന്നാണ് എല്ലാ കമ്മിഷണര്‍മാര്‍ക്കും എക്സൈസ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബാറുകള്‍ തുറന്നതോടെ മിക്ക ബാറുടമകളും എക്സൈസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു പരിചയം പുതുക്കുന്ന തിരക്കിലാണ്. ബാറുകള്‍ അടച്ചതിനുശേഷം ഏറെ അവഗണനനേരിട്ട വിഭാഗമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍. ബാര്‍ തുറന്ന സ്ഥലങ്ങളിലേക്കു സ്ഥലംമാറ്റത്തിനുളള കൂട്ടയിടിയും എക്സൈസില്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവു സ്ഥലംമാറ്റം നടന്നത് എക്സൈസ് വകുപ്പിലാണ്. കഞ്ചാവ് പിടികൂടലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം എക്സൈസിന്റെ പ്രധാന ജോലി. അതുകൊണ്ടു തന്നെ ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന പല ഉദ്യോഗസ്ഥരും ഡിവിഷണല്‍ ഓഫീസുകളിലേക്കു സ്ഥലംമാറ്റം വാങ്ങി "സ്വസ്ഥത" തേടി.
ബാര്‍ തുറന്നതോടെ ഇവര്‍ പഴയ ലാവണങ്ങളിലേക്കു മടങ്ങാനുളള ശ്രമത്തിലാണ്. ഓണക്കാലത്ത് ഒരു കാരണവശാലും സ്ഥലം മാറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് എക്സൈസ് വകുപ്പ്. ഇതു മനസിലാക്കി സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങുന്നതിനുളള ശ്രമത്തിലാണു ചില ഉദ്യോഗസ്ഥര്‍. ബാര്‍ പൂട്ടിയതിനുശേഷം ബാറുകളില്‍ ഒരു മുറി പോലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ഒരു ദിവസമെങ്കിലും ചിലവഴിക്കണമെന്നാണു ബാര്‍ ഉടമകളുടെ അപേക്ഷ. എന്നാല്‍ എക്സൈസ് വകുപ്പിന്റെ മുന്നറിയിപ്പു മനസിലാക്കി പല ഉദ്യോഗസ്ഥരും ബാര്‍ ഉടമകളുടെ ഫോണ്‍കോളുകള്‍ക്കു മറുപടി നല്‍കാന്‍പോലും മടിക്കുകയാണ്.






