
കൊച്ചി : കര്‍ണാടകയിലെ നഴ്സിങ് പ്രവേശനത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചു. നഴ്സിങ് പ്രവേശനത്തിലെ നിയമക്കുരുക്ക് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ പരിഹരിക്കപ്പെട്ടതാണ് നഴ്സിങ് പ്രവേശനത്തിനു വഴിതുറന്നത്. കഴിഞ്ഞ മേയിലാണ് കര്‍ണാടകയിലെ നഴ്സിങ് പ്രവേശനം കുഴഞ്ഞുമറിഞ്ഞത്. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാരും മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചതോടെ പ്രശ്നങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ചട്ടപ്രകാരമല്ല നടക്കുന്നതെന്നു വിലയിരുത്തി കര്‍ണാടക ഹൈക്കോടതി വിധിപ്രസ്താവിച്ചതോടെ നഴ്സിങ് പ്രവേശനം അവതാളത്തിലായി. കൗണ്‍സില്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സ്റ്റേ വാങ്ങി. ഇതോടെയാണ് നഴ്സിങ് പ്രവേശനത്തിനു വഴിതുറന്നത്.
കര്‍ണാടകയിലെ നഴ്സിങ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനിന്നവേളയില് ഇതര സംസ്ഥാനങ്ങളിലേക്കു കുട്ടികള്‍ ചേക്കേറുകയായിരുന്നു. കര്‍ണാടകയില്‍ മൂന്നു ലക്ഷം രൂപയ്ക്ക് ബി.എസ്സി. നഴ്സിങ് പഠിക്കാമായിരുന്നെങ്കില്‍ ആന്ധ്രയടക്കം മറ്റു സംസ്ഥാനങ്ങളില്‍ ചെലവ് ഇരട്ടിയാണ്.കഴിഞ്ഞ മേയില്‍ നഴ്സിങ് കൗണ്‍സില്‍ തയാറാക്കിയ കോളജുകളുടെ പട്ടിക സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് കര്‍ണാടകയിലെ നഴ്സിങ് പഠനം അവതാളത്തിലായത്. അംഗീകാരമുള്ള കോളജുകളുടെ പട്ടിക തയാറാക്കുന്നതിന്റെ ചുമതല ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിനാണ്.
എന്നാല്‍, ഈ അധികാരം എടുത്തുകളഞ്ഞതിനു പുറമേ, പട്ടിക റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചു. ഇതോടെ കര്‍ണാടകയില്‍ നഴ്സിങ് പഠിച്ചാല്‍ ഭാവിയെ ബാധിക്കുമെന്നു വിദ്യാര്‍ഥികളില്‍ ആശങ്ക പടര്‍ന്നു. തികച്ചും സാങ്കേതികമായ കാരണമായിരുന്നു ഇതിലേക്കു വഴിതെളിച്ചതെന്ന് ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. ആശങ്കയൊഴിയുകയും വിദ്യാര്ഥിപ്രവേശനത്തിനു കളമൊരുങ്ങുകയും ചെയ്തതോടെ എല്ലാ വെള്ളിയാഴ്ചകളിലും നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള കോളജുകളുടെ പട്ടിക പുറത്തുവിട്ടുതുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച 56 നഴ്സിങ് കോളജുകളുടെ പട്ടികയാണു പുറത്തുവിട്ടത്. ബി.എസ്സി. നഴ്സിങ് കോഴ്സിന് അംഗീകാരമുള്ള 256 കോളജുകള്‍ കര്‍ണാടകയില്‍ നിലവിലുണ്ട്. ബി.എസ്സി. നഴ്സിങ്, ജനറല്‍ നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്, എം.എസ്സി. നഴ്സിങ് തുടങ്ങിയവ പഠിക്കാന്‍ കര്‍ണാടകയില്‍ സൗകര്യമുണ്ട്. ഏകദേശം 20,000 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.
ഫീസ് കുറവാണെന്നതിനു പുറമേ മികച്ച പഠനനിലവാരം വാഗ്ദാനം ചെയ്ുന്നതുയകൊണ്ടും നഴ്സിങ് വിദ്യാര്‍ഥികളുടെ ആകര്‍ഷണകേന്ദ്രമാണ് കര്‍ണാടക. ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഒക്ടോബര്‍ 31 വരെയാണ് അവസരം. കര്‍ണാടകയില്‍ നഴ്സിങ് പഠിക്കുന്നവരില്‍ അമ്പതു ശതമാനം പേരും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്.ഇത്തരം നിയമക്കുരുക്കുകള്‍ ഏതൊരു സംസ്ഥാനത്തും ഉയരാമെന്ന സാഹചര്യവും നിലവിലുള്ളതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇതിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിനു രാജ്യത്തെ നഴ്സിങ് മേഖലയുടെ നിയന്ത്രണം പൂര്‍ണമായി ലഭിക്കുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ നിയമഭേദഗതി നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 1947 ലെ നിയമം ആധാരമാക്കിയാണ് നഴ്സിങ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റ് നിയമഭേദഗതിയിലൂടെ കൗണ്‍സിലിന് പൂര്‍ണ അധികാരം നല്‍കണമെന്നാണ് ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.






