
കണ്ണൂര്: സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്കൊപ്പം സി.പി.എമ്മും ഘോഷയാത്രകള് സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില് കണ്ണൂരില് വീണ്ടും അശാന്തി. പ്രശ്ന ബാധിതമേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളില് കനത്ത പോലീസ് നിരീക്ഷണം.
ആര്.എസ്.എസ്. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി പോലുള്ള ചടങ്ങുകളില് അണികള് ആകൃഷ്ടരാകുന്നതായാണു സി.പി.എം. വിലയിരുത്തല്. ഇതേത്തുടര്ന്ന് ഓണാഘോഷ സമാപനം, ചട്ടമ്പി സ്വാമി ജയന്തി തുടങ്ങിയ പേരുകളിട്ട് സി.പി.എമ്മും ശോഭായാത്രയ്ക്ക് സമാനമായ രീതിയില് ഘോഷയാത്ര സംഘടിപ്പിക്കാന് തുടങ്ങിയിട്ട് വര്ഷങ്ങളായി. ഇക്കുറി ''മഹദ് ജന്മങ്ങള് മാനവനന്മയ്ക്ക്'' എന്ന സന്ദേശമുയര്ത്തിയാണ് സി.പി.എം. പരിപാടി.
2004 മുതല് ചിലയിടങ്ങളില് സി.പി.എം. നേതൃത്വത്തില് ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും സംഘടിപ്പിച്ചുവരുന്നുണ്ടെങ്കിലും ബി.ജെ.പി- സംഘപരിവാര് രാഷ്ട്രീയപ്രവര്ത്തനം സജീവമായതിനെത്തുടര്ന്ന് മൂന്നു വര്ഷം മുമ്പാണ് നാടൊട്ടുക്ക് വ്യാപിപ്പിച്ചത്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളില് കുട്ടികളുടെയും സ്ത്രീകളുടെയും വര്ധിച്ചുവരുന്ന പങ്കാളിത്തം മുന്നില്കണ്ടാണ് ബാലസംഘത്തിന്റെ പേരില് ആഘോഷപരിപാടികള്ക്ക് സി.പി.എം. രംഗത്തെത്തിയത്. സി.പി.എമ്മിനും ബി.ജെ.പിക്കും തുല്യശക്തിയുള്ള കേന്ദ്രങ്ങളിലാണ് ഇതു സംഘര്ഷത്തിലേക്കു വഴിതുറക്കുന്നത്. ഘോഷയാത്രകളില് സി.പി.എം. പ്രവര്ത്തകര് ചുവന്നമുണ്ടും വെള്ള ഷര്ട്ടും ധരിക്കുമ്പോള് ബി.ജെ.പി -ആര്.എസ്.എസ്. പ്രവര്ത്തകര്ക്ക് കാവി മുണ്ടും വെള്ള ഷര്ട്ടുമാണ് വേഷം. ശ്രീകൃഷ്ണ ജയന്തി ദിവസമായ 12 നു കണ്ണൂര് ജില്ലയില് 210 കേന്ദ്രങ്ങളില് ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കാനാണ് സി.പി.എം. തീരുമാനം.
ഇന്നു ശ്രീനാരായണ ഗുരു ജയന്തി മുതല് 11ന് ചട്ടമ്പി സ്വാമി ജയന്തി വരെയുള്ള ദിവസങ്ങളില് നടക്കുന്ന പരിപാടികളുടെയും ഓണാഘോഷ പരിപാടിയുടെയും സമാപനമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തുന്നതെന്നാണ് സി.പി.എം. നേതൃത്വം അറിയിക്കുന്നത്. തലസ്ഥാനത്തും തുടര്ന്ന് കണ്ണൂരിലും നടന്ന സമാധാനചര്ച്ചകളുടെയും യോഗതീരുമാനങ്ങളുടെയും മഷിയുണങ്ങും മുമ്പ് ജില്ലയെ സംഘര്ഷത്തിലേക്കു നയിക്കാനാണ് സി.പി.എം. നീക്കമെന്ന് സംഘപരിവാര് സംഘടനകള് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ വര്ഷങ്ങളില് ഗണേശോത്സവത്തിന്റെ ഭാഗമായി സി.പി.എം. ഘോഷയാത്ര നടത്തിയിരുന്നെങ്കിലും സംഘര്ഷമുണ്ടായാല് എതിരാളികള് രാഷ്ട്രീയ ആയുധമാക്കുമെന്ന വിലയിരുത്തലിനെത്തുടര്ന്ന് ഇക്കുറി അവസാനനിമിഷത്തില് പിന്വാങ്ങിയിരുന്നു. എന്നാല്, ആര്.എസ്.എസിന്റെ ഗണേശ ഘോഷയാത്രയുമായി ബന്ധപ്പെട്ടു പലയിടങ്ങളിലും സംഘര്ഷം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് എറ്റവും കൂടുതല് സംഘര്ഷമുണ്ടായത്.
''മഹദ് ജന്മങ്ങള് മാനവനന്മയ്ക്ക്'' എന്ന സന്ദേശമുയര്ത്തി സി.പി.എം. സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് സമൂഹ മാധ്യമങ്ങളില് ട്രോള് അഭിഷേകമാണ്. സി.പി.എം. പരിപാടിയുടെ പ്രചരണ പോസ്റ്ററുകള് സഹിതമുള്ള പോസ്റ്റുകളില് കൂടുതലും പരിഹാസമാണ്. മുന് വര്ഷങ്ങളിലും സി.പി.എം. നിലപാടിനെ സമൂഹ മാധ്യമങ്ങള് വിമര്ശിച്ചിരുന്നു. ''പണ്ടൊരു നാട്ടില് മഗധാപുരിയില് കംസന് എന്നൊരു ബൂര്ഷ്വായെ തകര്ത്തെറിഞ്ഞൊരു വിപ്ലവ താരം അതാണതാണീ ശ്രീകൃഷ്ണന്'', ''ദേവകീ സുതന് സിന്ദാബാദ്'', ''രാധാ നായകന് സിന്ദാബാദ്'', ''സാമ്രാജ്യത്വ ദല്ലാളാവും കാളിയന് എന്നൊരു സാമദ്രോഹിയെ ചവിട്ടിക്കൂട്ടിയ പോരാളീ'' തുടങ്ങിയ മുദ്രാവാക്യങ്ങളും.
''ഇന്ക്വിലാബ് സിന്ദാബാദ് സഖാവ് കൃഷ്ണന് സിന്ദാബാദ് വെണ്ണക്കണ്ണന് സിന്ദാബാദ്'', ''വിഷ്ണുസഖാവിന്നവതാരം പാവങ്ങളുടെ തേരാളി ഉണ്ണിക്കണ്ണണ് സിന്ദാബാദ്'', ''കംസാ കംസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം'' തുടങ്ങിയ ട്രോളുകളുമാണ് നിറയുന്നത്. കൃഷ്ണനെ സഖാവായും കൃഷ്ണന്റെ കാലത്തെ യുദ്ധങ്ങളെ തൊഴിലാളി പോരാട്ടങ്ങളായും അവതരിപ്പിക്കുന്നതാണ് പോസ്റ്റുകളില് പലതും. ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള് നടത്തുന്ന ദിവസംതന്നെ പാര്ട്ടിയുടെ നേതൃത്വത്തില് ഓണാഘോഷ പരിപാടിയുടെ സമാപനമെന്ന പേരില് നടത്തുന്ന പരിപാടി സമാധാനശ്രമങ്ങള്ക്കു ഭീഷണിയാകുമെന്ന ആശങ്കയും സമൂഹമാധ്യമങ്ങള് പങ്കുവയ്ക്കുന്നു.







Comments