
കൊളംബോ: ലങ്കന്‍ പര്യടനത്തിന്റെ അവസാന കുട്ടിപ്പൂരത്തില് ലങ്കയെ തകര്‍ത്തതിനു പിന്നാലെ ടോസിനെച്ചൊല്ലി വിവാദം. ബുധനാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയതാര്? ഇന്ത്യയ്ക്കാണ് ടോസ് നേടിയതെന്ന ഔദ്യോഗിക പ്രഖ്യാപനം ആയിരുന്നില്ല സത്യം. ടോസ് ലങ്കയ്ക്കായിരുന്നു.
കമന്റേറ്ററായ മുരളി കാര്‍ത്തിക്കിന്റെ നാക്കുപിഴച്ചതാണ് ആനമണ്ടത്തരത്തിലേയ്ക്ക് മത്സരത്തെ കൂട്ടിക്കൊണ്ടുപോയത്. ഇരു ടീമിന്റെയും ക്യാപ്റ്റന്മാര്ക്കൊപ്പം കമന്റേറ്ററായ മുരളി കാര്‍ത്തിക്, മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ്, ടോസ് പ്രതിനിധി ഗൗതം എന്നിവരായിരുന്നു ടോസ് സമയത്ത് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്.
ലങ്കന്‍ ക്യാപ്റ്റന്‍ നാണയം ടോസ് ചെയ്തപ്പോള്‍ കോഹ്ലി 'ഹെഡ്' വിളിച്ചു. ടോസ് വീണപ്പോള്‍ റഫറി ടെയ്ല് എന്ന് പറഞ്ഞു. എന്നാല്‍ ഹെഡ് എന്ന് തെറ്റിദ്ധരിച്ച കാര്‍ത്തിക് ഇന്ത്യന്‍ നായകനോട് എന്താണ് തീരുമാനമെന്ന് ചോദിക്കുകയും, ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം കോഹ്ലി അറിയിക്കുകയുമായിരുന്നു. അതേസമയം സത്യം അറിയാവുന്ന മാച്ച് റഫറിയുടെ മുഖഭാവം മാറിമറിഞ്ഞെങ്കിലും അത് തുറന്നുപറയാന്‍ അദേഹം മെനക്കെട്ടില്ല. കളിയില്‍ നിര്‍ണായകമായ ടോസ് നേടി ഇന്ത്യ കളത്തിലിറങ്ങുകയും ചെയ്തു. ലങ്കയെ ഇന്ത്യ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കളിയില്‍ ഏഴു വിക്കറ്റിന് ഇന്ത്യ വിജയം സ്വന്തമാക്കി.





