
ന്യൂയോര്‍ക്ക്: പരിക്കുകളും ഫോമില്ലായ്മയും കാരണം ഇടക്കാലത്ത് ടെന്നീസ് പ്രേമികളുടെ വേദനയായിരുന്നു റാഫേല്‍ നദാല്‍. പുല്കോര്ട്ടും മണ്കോര്ട്ടും വാണിരുന്ന രാജാവിന്റെ തോല്‍വികള്‍ കണ്ണീരോടെ കാണനേ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ തോല്‍വികളുടെ തളര്‍ച്ച മാറ്റിവെച്ച് അതിശക്തമായി തന്റെ പടയോട്ടം തുടരുകയാണ് നദാല്‍. ടെന്നീസില്‍ നദാലിസം തുടരുമെന്ന പ്രതീക്ഷ നല്കി തന്റെ 16-ാം ഗ്രാന്സ്ലാം കിരീടത്തില്‍ നദാല്‍ മുത്തമിട്ടു. ഈ സീസണിലെ രണ്ടാം ഗ്രാന്സ്ലാം കിരീടവും കരിയറിലെ മൂന്നാം യുഎസ് ഓപ്പണും.
ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സനുമായുള്ള കലാശപോരാട്ടത്തില്‍ ഏറെ അനായാസമായാണ് നദാല്‍ കിരീടം അടിച്ചിട്ടത്. ആദ്യ ഗ്രാന്സ്ലാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ കെവിന് നദാലിന്റെ പരിചയ സമ്പത്തിനും ശക്തമായ ഷോട്ടുകള്‍ക്കും മുന്നില്‍ തുടക്കം മുതല്‍ പതറി. 6-4, 6-3, 6-4 എന്നായിരുന്നു പോയിന്റ് നില. ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ഗ്രാന്സ്ലാം ഫൈനലില്‍ എത്തുന്നത്.




