തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ ആലപ്പി റിപ്പിള്‍സിന്റെ കോച്ചായി കേരളത്തിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു. 2013 മുതല്‍ 2018 വരെ കേരളാ ടീമിനായി കളിച്ചിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റില്‍ പുതുച്ചേരിക്കു വേണ്ടിയും കളിച്ചു. ഫസ്റ്റ്ക്ല ാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണ്. സഹ പരിശീലകരായി മുന്‍ താരം കെ. എസ് മോനിഷ് (കരുപറമ്പില്‍ സതീഷ് മോനിഷ്), ഫര്സീന് അഹമ്മദ് എന്നിവരെയും നിയമിച്ചു. മോനിഷ് കേരളത്തിന്റെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ സ്പിന്നര്‍മാരില്‍ ഒരാളാണ്.
2015-16 രഞ്ജി ട്രോഫി സീസണില്‍ എട്ട് മത്സരങ്ങളില്‍നിന്ന് 49 വിക്കറ്റുകളെടുത്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന കേരള ബൗളര്‍ എന്ന ചരിത്ര റെക്കോഡ് സ്വന്തമാക്കിയ താരമാണ്. റോയല്‍ ചലഞ്ചേഴ്സ് ബംഗളരുവിന്റെ പരിശീലക സംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗബ്രിയേല്‍ ബെന്‍ കുര്യനാണ് ഫീല്‍ഡിങ് കോച്ച്. വിരാട് കോഹ്ലിക്ക് അടക്കം പന്തെറിയുന്ന ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റ് കൂടിയാണ് ഗബ്രിയേല്‍. രാജസ്ഥാന് റോയല്‍സിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എ.ടി.രാജമണി പ്രഭു (എ.ടി.ആര്), വിനീത് കുമാര്‍ എന്നിവരാണ് സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകരായി എത്തുന്നത്.
മറ്റു സപ്പോര്‍ട്ടീവ് സ്റ്റാഫ് അംഗങ്ങള്‍: ശ്രീവത്സന്‍ പി.ബി. (പെര്‍ഫോമന്‍സ് അനലിസ്റ്റ്), അസ്കര്‍ പി.വി (ടീം ഫിസിയോ), സന്തോഷ് പി.ചാക്കോ (മസിയര്‍), നന്ദകുമാര്‍ കെ.എ (ത്രോ ബോള്‍ സ്പെഷലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജര്‍), റ്റോബിന്‍ തോമസ് ( ടീം ഡയറക്ടര്‍),അഭിഷേക് കെ.ജി. (മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജിക് ഹെഡ്). ടീം ഉടമകള്‍- ടി.എസ്. കലാധരന്‍, കൃഷ്ണ കലാധരന്‍, ദേവിക കലാധരന്‍, റാഫേല്‍ തോമസ്. ടീമിന്റെ പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളജില്‍ ഇന്നലെ ആരംഭിച്ചു. നായകന് സച്ചിന് ബേബി, ഉപനായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കാനെത്തി.






Comments