
തിരുവനന്തപുരം: സമൂഹത്തിലെ വമ്പന്മാര് പ്രതികളായ രണ്ടായിരത്തി അഞ്ഞൂറോളം കേസു കളുടെ ഫയലുകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്ന് അപ്രത്യക്ഷമായി. ഫയലുകള്‍ മുക്കിയതു സംബന്ധിച്ച് ഉന്നതതല അന്വേഷണമാരംഭിച്ചു. അബ്കാരി, മണല്‍കടത്ത്, അനധികൃത ക്വാറി, മയക്കുമരുന്ന്, ആഡംബര ക്ലബ്ബുകളിലെ വാതുവയ്പ് തുടങ്ങിയ കേസ് ഫയലുകളാണ് അപ്രത്യക്ഷമായത്.
െകെക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി ഫയലുകള്‍ മുക്കിയതായാണ് അടുത്തിടെ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വ്യക്തമാക്കപ്പെട്ടത്. പത്തനംതിട്ട ജില്ലയില്‍മാത്രം 450 കേസ് ഫയലുകള്‍ കാണാതായി. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍നിന്നും ഫയലുകള്‍ കാണാതായെന്നു ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ മംഗളത്തോടു പറഞ്ഞു. ഇവയില്‍ ചിലതു കണ്ടെത്തി. പോലീസ് സ്റ്റേഷനുകളില്‍നിന്നു കോടതിയിലെത്തിയ കേസുകളുടെ ഓഡിറ്റിങ് ജില്ലാ പോലീസ് മേധാവിമാര്‍ നടത്തിയപ്പോഴാണു ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍.
ക്രമസമാധാനവുമായി ബന്ധപ്പെട്ട കേസുകളിലെ ഫയലുകളാണു കൂടുതലായും നശിപ്പിക്കപ്പെടുന്നത്. ഇരകളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കുക, ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കുക എന്നീ ഇടപാടുകള്‍ക്കു ശേഷമാണു കേസ് ഫയലുകള്‍ നശിപ്പിക്കുന്നത്. അന്വേഷണം വലിച്ചുനീട്ടി ഇരകളെ മടുപ്പിച്ചു കേസ് അവസാനിപ്പിക്കുന്നതും അപൂര്‍വമല്ല. സാധാരണക്കാരെ ബാധിക്കുന്ന കേസുകളിലെ ഫയലുകളാണ് അപ്രത്യക്ഷമാകുന്നത്. സമ്മര്‍ദഫലമായി പോലീസിനു കോടതിയില്‍ പോകേണ്ടിവന്നാലും അപൂര്ണവിവരങ്ങളാകും കോടതിയില്‍ സമര്‍പ്പിക്കുക. ഇതോടെ കോടതി ഫയല്‍ തിരിച്ചയയ്ക്കും. പിന്നെ അതിന്മേല് ഒരു നടപടിയുമുണ്ടാകില്ല.
കോടതിയിലേക്കു കേസ് റഫര്‍ ചെയ്തതിനു മാത്രമാകും രേഖയുണ്ടാവുക. ഫയല്‍ മടങ്ങിയതിനെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും മൗനം പാലിക്കും. ഉന്നതതലയോഗത്തില്‍ ജില്ലാ പോലീസ് മേധാവിമാര്തന്നെയാണു കേസ് ഫയലുകള്‍ മുങ്ങുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. തെക്കന്‍ജില്ലകളിലാണ് ഏറെയും. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ജില്ലകളിലാണ്. മലബാറിലെ ചില ജില്ലകളില്‍ കേസുകള്‍ സ്റ്റേഷനിലെത്താതെ ഒത്തുതീര്പ്പാക്കുകയാണു രീതി. അതിനായി പ്രത്യേക മാഫിയ പ്രവര്‍ത്തിക്കുന്നു. അഥവാ, സ്റ്റേഷനില്‍ പരാതി എത്തിയാലും പോലീസ് ഉദ്യോഗസ്ഥര്‍തന്നെ വിവരം ഈ മാഫിയയ്ക്കു െകെമാറും. തുടര്‍ന്നു പോലീസിന്റെ അറിവോടെ വാദിയെയും പ്രതിയെയും വിളിച്ചുവരുത്തി പ്രതിഫലം വാങ്ങി ഒത്തുതീര്പ്പാക്കുകയാണു പതിവ്.






