
തൃശൂര്‍: കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും തത്വശാസ്ത്രവും പഴങ്കഥയാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത് അടിമുടി ഭക്തനായി. പുഷ്പാഞ്ജലിയും വഴിപാടുകളും നടത്തി കണ്ണനെ വണങ്ങി ക്ഷേത്രാചാരങ്ങള്‍ പാലിച്ചായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
ചൊവ്വാഴ്ച, അഷ്ടമിരോഹിണി നാളിലായിരുന്നു കടകംപള്ളി ഗുരുവായൂരിലെത്തിയത്. രാവിലെ ഒമ്പതിനു പ്രസാദഊട്ട് ഉദ്ഘാടനം ചെയ്തശേഷം മന്ത്രി ക്ഷേത്രമതില്ക്കകത്ത് ശീവേലി തൊഴുതു. മേളക്കാര്‍ക്കു പുടവയും നല്കി. തുടര്‍ന്ന് നാലമ്പലത്തിലെത്തി സോപാനത്തില്‍ ഭഗവാനു കാണിക്കയര്‍പ്പിച്ചു തൊഴുതു. ഉപദേവഗണങ്ങളെ വണങ്ങി ഭാഗവത സപ്താഹം നടക്കുന്ന ആധ്യാത്മികഹാളിലും എത്തി. ഇതാദ്യമായാണ് ഒരുമന്ത്രി ഇവിടം സന്ദര്‍ശിക്കുന്നതെന്നതും ശ്രദ്ധേയം.
തുടര്‍ന്ന് വഴിപാടു കൗണ്ടറിലെത്തി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിക്ക് ശീട്ടാക്കി. അപ്പം ശീട്ടാക്കുന്നതിനുള്പ്പെടെ 500 രൂപയാണു മന്ത്രി കരുതിയിരുന്നത്. ബാക്കി 250 രൂപയോളം അന്നദാനത്തിനു സംഭാവനയായി നല്കി. പത്തേമുക്കാലോടെ ചോറൂണുഹാളില് സന്ദര്‍ശനം. തുടര്‍ന്ന് പുറത്ത് ക്ഷേത്ര മതിലില്‍ നടത്തിയ മ്യൂറല്‍ പെയിന്റിങ്ങിന്റെ നേത്രോന്മീലനം. കിഴക്കേനടയില്‍ ദേവസ്വം കീഴേടക്ഷേത്രമായ ബലരാമക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് എത്തിയതോടെ മന്ത്രി പറ നിറച്ചു സ്വീകരിച്ചു.
പടിഞ്ഞാറുഭാഗത്ത് അന്നലക്ഷ്മിഹാളിലെ ക്രമീകരണങ്ങള്‍ നേരില്‍ക്കണ്ടു. ഇതിനിടെ ദേവസ്വം ഭരണസമിതി യോഗത്തിലും നിരീക്ഷകനായെത്തി. ഉച്ചയ്ക്ക് ഒന്നേകാലോടെ പ്രസാദഊട്ടില്‍ പങ്കെടുത്തശേഷം കടകംപള്ളി മൂന്നരയോടെ പുന്നത്തൂര്‍ ആനക്കോട്ടയിലുമെത്തി. അഞ്ചിനു മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും. ക്ഷേത്രദര്‍ശനത്തില്‍ സംതൃപ്തിയുണ്ടെന്നു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ മന്ത്രി രാത്രി ഒമ്പതോടെയാണു ഗുരുവായൂരില്‍നിന്നു യാത്രതിരിച്ചത്.






