
കൊച്ചി: കേന്ദ്ര മന്ത്രിയായി അധികാരമേറ്റ അല്‍ഫോന്‍സ് കണ്ണന്താനം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും സ്വതസിദ്ധമായ ശൈലിയില്‍ തള്ളിയിരിക്കുകയാണ്. 'എന്റെ ഭാര്യയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ. രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണ്. എന്റെ പേരും പറഞ്ഞ് മുഖവും കാണിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ടാവുകയാണെങ്കില്‍ ഉണ്ടാക്കട്ടെ. ഇനിയും ഇത്തരത്തിലുള്ള കാര്ട്ടൂണുകള് ഉണ്ടാക്കിക്കോളൂ, എനിക്ക് സന്തോഷമേയുള്ളൂ' എന്ന് മന്ത്രി പറഞ്ഞു.
ബീഫിനെക്കുറിച്ചുള്ള പരാമര്‍ശം വാര്‍ത്തയ്ക്കു വേണ്ടി പറഞ്ഞതല്ല. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതെ വരികയാണ്. ബീഫിനെക്കുറിച്ച് ഒറീസയില്‍ പറഞ്ഞ തമാശ ഇവിടെയുള്ളവര്‍ക്ക് മനസ്സിലായില്ല. വിദേശത്ത് നല്ല ബീഫ് കിട്ടും. അവിടെ നിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോയെന്നാണ് ചോദിച്ചത്. അത് മനസ്സിലാവാത്തതാണ് വിവാദ കാരണം.
രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനും കഴിയില്ലെന്ന് കരുതരുത്. ഞാനൊരു ഫണ്‍ പേഴ്സണാണ്. ജീവിതം സന്തോഷിക്കാനുള്ളതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതാണ്. ജീവിതത്തിലെ ലക്ഷ്യമായി കാണുന്നത് ഇതാണെന്നും പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധി. ശുചിമുറികള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന മൂന്നാര്‍ അടക്കമുള്ള സ്്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലയെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.






