തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ പോലും നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ.
2016 ഒക്ടോബര്‍ ഒന്നിന്, പി.കെ.ശ്രീമതി എം.പിയുടെ മകന് സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ എം.ഡിയായി നിയമിച്ചതാണ് വിവാദമായത്. ഇതോടെ നിയമനം റദ്ദാക്കാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി ഇ.പി. ജയരാജന് കുറിപ്പുനല്കി. ഒക്ടോബര്‍ 13 ന് നിയമനം റദ്ദാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബന്ധുവായ സുധീറിനെ നിയമിച്ചുവെന്നാരോപിച്ചാണ് ജയരാജനെതിരെ കേസെടുത്തത്.
സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരെയും പ്രതികളാക്കി. സുധീര്‍ നമ്പ്യാരുടെ ഹര്‍ജിയില്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഹര്‍ജിയില്‍ മാര്‍ച്ച് ഏഴിനും 17 നും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയരാജനടക്കമുള്ളവര്‍ ഒരുതരത്തിലുള്ള നേട്ടവും ഉണ്ടാക്കിയില്ലെന്ന് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പരിശോധിച്ചതിലും പബ്ളിക് പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തിയതിലും പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.






