
ന്യൂഡല്‍ഹി: കോളേജില്‍ നിന്നും ബഹദൂര്‍ ഗഡിലെ സ്റ്റോപ്പില്‍ ബസിറങ്ങിയ ശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു അഭിഷേക് സേവ്യര്‍. പിന്നാലെ ബൈക്കിലെത്തിയ അയല്‍ക്കാര്‍ ദീപക്കും പ്രദീപും ഒരു സ്ഥലം വരെ പോകണമെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും നിര്ബ്ബന്ധിച്ചതോടെ അഭിഷേക് ബൈക്കില്‍ കയറി. ജജ്ജര്‍ ബരഹി ഗ്രാമത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കായിരുന്നു യാത്ര.
ഹരിയാനയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകുകയും മോചനദ്രവ്യമായി 75 ലക്ഷം വാങ്ങുന്നതിനിടയില്‍ പോലീസ് സംഘട്ടനത്തിലൂടെ അക്രമികളെ കീഴടക്കുകയും ചെയ്ത സംഭവത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. പത്തനംതിട്ട സ്വദേശിയായ പാസ്റ്റര്‍ സേവ്യറിന്റെ മകന് അഭിഷേക് സേവ്യറെ തട്ടിക്കൊണ്ടു പോയത് അയല്‍വാസികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും.
അത്യധികം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ സംഭവത്തില്‍ അഭിഷേകിനെ തട്ടിക്കൊണ്ടുപോയവര്‍ കൊണ്ടുപോയത് ജജ്ജറിലെ വിജനമായ ഒരു കെട്ടിടത്തിലേക്കായിരുന്നു. ഇവിടെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം പിതാവ് സേവ്യറെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് എത്തി പണം അടങ്ങിയ ബാഗ് ചോളപ്പാടത്തിലേക്ക് എറിയാനായിരുന്നു അക്രമികളുടെ ആവശ്യം.
എന്നാല്‍ ബന്ധുക്കള്‍ എന്ന പേരില്‍ വീട്ടുകാര്‍ക്കൊപ്പം എത്തിയത് വേഷം മാറിയ പോലീസുകാരായിരുന്നു. പറഞ്ഞത് പോലെ തന്നെ ചോളവയലിലേക്ക് പണമടങ്ങിയ ബാഗ് എറിയുകയും ബാഗ് എടുക്കാന്‍ വന്നപ്പോള്‍ ആക്രമിക്കുകയും ആയിരുന്നു. വന്നത് ബന്ധുക്കളല്ലെന്ന് മനസ്സിലായതോടെ അക്രമികള്‍ പോലീസിന് നേരെ വെടി വെച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.






