
ഡല്‍ഹി: യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്ന് രാവിലെ മാതൃരാജ്യത്ത് കാല് കുത്തും. അദ്ദേഹത്തെ സ്വീകരിക്കാനായി ഡല്‍ഹി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും സ്വീകരിക്കാനായി എത്തും.
റോമില്‍ നിന്നുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ രാവിലെ ഏഴു മണിയോടെ അദ്ദേഹം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താളവത്തില്‍ വിമാനമിറങ്ങും. 11.30 യ്ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4.30 യോടെ അദ്ദേഹം മാധ്യമങ്ങളെയും കാണുന്നുണ്ട്. വത്തിക്കാന്‍ എംബസിയില്‍ ഇന്ന് അദ്ദേഹത്തിന് വിരുന്ന് നല്‍കുന്നുണ്ട്. നാളെ ബാംഗ്ളൂരിലേക്കും അവിടെ നിന്നും ഒന്നാം തീയതി കേരളത്തിലേക്കും എത്തും. റോമിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമങ്ങളില്‍ രണ്ടാഴ്ച മുമ്പാണ് ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ മോചിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം റോമിലേക്ക് പോകുകയായിരുന്നു.
ഒന്നരവര്‍ഷം മുമ്പ് യെമനില്‍ വെച്ചായിരുന്നു ഐഎസ് തീവ്രവാദികള്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. യെമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്ക്കരമായിരുന്നു. ഒടുവില്‍ കേന്ദ്രത്തിന്റെയും വത്തിക്കാന്റെയും ഇടപെടലില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. തട്ടിക്കൊണ്ടു പോകലിന് ഇരയായതിന് പിന്നാലെ കേരളത്തിലെ വിവിധ പള്ളികളില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.






