
കൊച്ചി: അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതീയുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ െലെംഗിക പീഡനം ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ നടക്കുന്നതായി ആരോപണം. പെണ്‍കുട്ടികളെ രാപ്പകല്‍ നടത്തുന്ന ദ്രോഹങ്ങളില്‍ ചൂരല്‍പ്രയോഗം മുതല്‍ ലൈംഗികാതിക്രമം വരെ നടക്കുമെന്നും യുവതികളെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ ഈടാക്കുന്നുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
യോഗാകേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ െഹെക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യോഗാകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്കു മയക്കുമരുന്ന് നല്‍കിയിരുന്നതായും പെണ്‍കുട്ടികളുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പലിശ, ഭൂമി ഇടപാടുകള്ക്കായാണു കിട്ടുന്ന വരുമാനം വിനിയോഗിക്കുന്നത്.
യോഗാകേന്ദ്രം നടത്തിപ്പുകാരന് മനോജിനു സര്‍ക്കാരിലെയും പോലീസിലെയും ഉന്നതരുമായി ബന്ധമുണ്ട്. ഇതാണ് സംഭവങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കാരണമായത്. യോഗാകേന്ദ്രം നടത്തിപ്പുകാരന്റെ ഉന്നതബന്ധങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജീവന് അപകടത്തിലാകുമെന്നു ഭയമുണ്ടെന്നും ഹര്‍ജിയില്‍ കൃഷ്ണകുമാര്‍ പറഞ്ഞു. യോഗാ കേന്ദ്രത്തില്‍ എത്തിച്ച ആന്ധ്രാ സ്വദേശിനി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബംഗലുരുവില്‍ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണ് പരാതി നല്‍കിയത്.
ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ക്രിസ്തുമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പേരില്‍ പിതാവാണ് യോഗാസെന്ററില്‍ എത്തിച്ചത്. 2017 മാര്‍ച്ച് 30 മുതല്‍ മെയ് 1 വരെ യോഗാസെന്ററില്‍ താനും തടവിലായിരുന്നെന്നും ഇവര്‍ പറയുന്നു. മനോജ് ഗുരുജിയും ശ്രുതി, സ്മിത, സുജിത്ത്, ലക്ഷ്മി എന്നിവര്‍ ചേര്‍ച്ചാണ് ആക്രമിച്ചിരുന്നത്. രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ മൃഗീയമായി ആക്രമിച്ചു. ആക്രമിക്കുമ്പോള്‍ ഉറക്കെ പാട്ടു വെയ്ക്കും.
സ്വന്തം ഇഷ്ടപ്രകാരമാണ് യോഗ സെന്ററില്‍ എത്തിയതെന്ന് കത്തെഴുതിയ ശേഷം നിര്‍ബ്ബന്ധിച്ച് വിരലടയാളം പതിപ്പിക്കും. ഹിന്ദുമതത്തിലുള്ള ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഉറപ്പ് നല്കിയ ശേഷം മാത്രമായിരുന്നു പുറത്തു വിട്ടത്. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്ന ക്ളാസ്സുകളും നടത്തിയിരുന്നതായി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പരാതി എറണാകുളം ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ ഉത്തരവിട്ടിരിക്കുന്നത്. എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.






