
തിരുവനന്തപുരം: എന്‍.സി.പി. സംസ്ഥാനാധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ അകാലമരണത്തിനു കാരണം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ നടത്തിയ ഭീഷണിയാകാമെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മയൂരിക്കെതിരേ വധഭീഷണിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്. തയാറാക്കണമെന്നു ക്രൈം ബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
എന്‍.സി.പിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉറ്റ അനുയായിയായാണ് മയൂരി അറിയപ്പെടുന്നത്. മയൂരിയുടെ വിവാദ ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുക്കും. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി: എ. ഹേമചന്ദ്രന് ഉടന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറുമെന്നാണു സൂചന.
അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍കൂടിയായ സുള്‍ഫിക്കര്‍ മയൂരിക്കെതിരേ ഐ.പി.സി. 120 (0) (ഒരുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്), 506 (വധഭീഷണി, പരമാവധി രണ്ടുവര്‍ഷംവരെ തടവ്), ഐ.ടി. നിയമം 67 എന്നിവ ചുമത്തിയാകും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുക. ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച്, കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ മയൂരി സംസാരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം മയൂരിയുടേതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.
ഉഴവൂരിനെ വിളിക്കുന്നതിനു തൊട്ടുമുമ്പ് മയൂരി മറ്റൊരു നേതാവുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ഈ ഫോണ്‍ സംഭാഷണം ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ പുറത്തുവിടുകയും ചെയ്തു. കൊലവിളി സംഭാഷണം ഗൂഢാലോചനയുടെ ഫലമാണോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഫോണ്‍ ഭീഷണിക്കുശേഷം ഉഴവൂര്‍ വിജയന് ഏറെ അസ്വസ്ഥനായിരുന്നു. അത് അദ്ദേഹത്തിന്റെ മരണത്തിനുതന്നെ കാരണമായെന്നു ബന്ധുക്കളും ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
ഫോണ്‍ സംഭാഷണത്തിലേത് തന്റെ ശബ്ദമല്ലെന്നായിരുന്നു മയൂരിയുടെ നിലപാട്. ഉഴവൂരിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങള്‍ എന്‍.സി.പിയിലെ ഭിന്നതയേത്തുടര്ന്നായിരുന്നെന്ന സൂചനയും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എം.എല്‍.എമാരായ പി.ടി. തോമസ്, പി.സി. ജോര്‍ജ്, എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി ജോര്‍ജ്, പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് എന്നിവര്‍ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെക്കണ്ട് ഇതേ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.






