
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട ഉപസമിതി ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 123 അടിയിലെത്തിയ സാഹചര്യത്തില്‍ ഉപസമിതി നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു.
സമിതി അധ്യക്ഷന്‍ ഗിരിധരന്റെ നേതൃത്തിലുള്ള സംഘത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളായി പെരിയാര്‍ വൈഗൈ നദീതട വിഭാഗം മേല്‍നോട്ട എന്‍ജിനീയര്‍ സാം ഇര്‍വിന്‍, പെരിയാര്‍ അണക്കെട്ട് പ്രത്യേക വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സെല്‍വം എന്നിവരും കേരളത്തിന്റെ പ്രതിനിധികളായി എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ജലസേചന വിഭാഗം മേല്‍നോട്ട എന്‍ജിനീയര്‍ ഷൈനി ജോസഫ്, കട്ടപ്പന ജലസേചന ഉപവിഭാഗം അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു എന്നിവരുമുണ്ടായിരുന്നു. പ്രധാന അണക്കെട്ട്, ബേബി ഡാം, എര്‍ത്ത് ഡാം, ഗ്യാലറി എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. അണക്കെട്ടിലെ 13 ഷട്ടറുകളില്‍ മൂന്ന്, ആറ് ഷട്ടറുകളുടെ പ്രവര്‍ത്തനവും തുടര്‍ന്ന് അണക്കെട്ടില്‍നിന്നുള്ള സിപേജ് വാട്ടര്‍ തോതും ഉപസമിതി പരിശോധിച്ചു. മിനിറ്റില്‍ 35.038 ലിറ്റര്‍ എന്ന തോതിലാണു ചോര്‍ച്ച രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്‌ക്കുശേഷം കുമളിയിലെ മേല്‍നോട്ടസമിതി ഓഫീസില്‍ വൈകുന്നേരം അവലോകനയോഗം ചേര്‍ന്നു. നേരത്തെ നടന്ന യോഗങ്ങളില്‍ അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗം ആരംഭിക്കണമെന്നും വള്ളക്കടവ് മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വരെയുള്ള ഭാഗത്തെ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി പുനരുദ്ധരിക്കണമെന്നും തമിഴ്‌നാട് ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ, പരിപാലനം, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നതായി അധികൃതര്‍ അറിയിച്ചു.







Comments