
പാലക്കാട്; നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ ഓഫ്‌റോഡ് ജീപ്പുമായി യുവാക്കളുടെ സാഹസികയാത്ര. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് ഡാമിലിറക്കി വെള്ളത്തിലൂടെ ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. വെള്ളത്തിലൂടെ ജീപ്പ് ഓടിക്കുന്നതും വാഹനത്തിന്റെ മുകളില്‍നിന്നു യുവാവ് വെള്ളത്തിലേക്കു ചാടുന്നതും ദൃശ്യത്തിലുണ്ട്.
റിസര്‍വോയറില്‍ അതിക്രമിച്ചു കടക്കുന്നത് നിരോധിച്ചിട്ടുള്ളതിന്റെ അറിയിപ്പ് പല ഭാഗത്തുമുണ്ടെങ്കിലും നിയന്ത്രണങ്ങളെ നോക്കുകുത്തിയാക്കിയാണ് ഇവിടെ സന്ദര്‍ശകരെത്തുന്നത്. കാഴ്‌ചകള്‍ ആസ്വദിക്കുന്നതിനൊപ്പം റീല്‍സ് എടുക്കാനും മറ്റും പലരും വെള്ളത്തിലിറങ്ങുന്നു. പലയിടങ്ങളിലും ചതിക്കുഴികളുള്ളതിനാല്‍ ഏതു സമയത്തും അപകടസാധ്യതയുള്ള പ്രദേശമാണിത്. കാഞ്ഞിരപ്പുഴ ഉദ്യാനവും അണക്കെട്ടും സന്ദര്‍ശിക്കാനെത്തുന്ന മിക്കവരും ഈ ഭാഗത്തും എത്താറുണ്ട്. ഇരുമ്പകച്ചോല, ചപ്പാത്ത്, വെള്ളത്തോട്, കൊര്‍ണക്കുന്ന് എന്നിവിടങ്ങളിലാണു സന്ദര്‍ശകരുടെ തിരക്ക്. നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കാറുണ്ടെങ്കിലും അത് അവഗണിക്കുന്നതാണു പതിവ്.
അണക്കെട്ടിലെ ചെളിയും മണ്ണും നീക്കാത്തതിനാല്‍ ചെളിയില്‍ കുടുങ്ങാനുള്ള സാധ്യതയും ഏറെയാണ്. ദിവസങ്ങള്‍ക്കുമുമ്പ് പാലക്കയം പായ്‌പ്പുല്ലില്‍ ഓട്ടോ റിസര്‍വോയറിലേക്കു മറിഞ്ഞ് മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു.
അനധികൃതമായി അണക്കെട്ടിലും റിസര്‍വോയറിലും പ്രവേശിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അപകടകരമായി ജീപ്പ് ഓടിച്ച സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോധിത മേഖലയിലാണു യാത്ര നടത്തിയതെന്നു തെളിഞ്ഞാല്‍ കേസെടുക്കുമെന്നാണു വിവരം.







Comments