
ചങ്ങനാശേരി: സ്വന്തം അച്‌ഛനെതിരേ പോലും പറഞ്ഞിട്ടുള്ള ആളാണ് കെ.ബി. ഗണേഷ്‌കുമാറെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സ്‌ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടതിലുള്ള നിരാശയാണ് അദ്ദേഹത്തിന്റേതെന്നും ഗണേഷിന്റെ പരിഹാസത്തിനു മറുപടിയായി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പിരിച്ചു വിടേണ്ടി വന്നാല്‍, വൈകുന്നേരം അല്ല രാത്രിയില്‍ ആയാല്‍ പോലും ചെയ്യും. എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറിയെയും സ്‌നേഹിച്ചുവേണം ജീവിക്കാനെന്നാണ് തന്റെ അച്‌ഛന്‍ ഉപദേശം നല്‍കിയിട്ടുള്ളതെന്നാണ് ഗണേഷ്‌കുമാര്‍ തന്നെ പറഞ്ഞിട്ടുള്ളത്. എന്നിട്ട്, ഇപ്പോള്‍ എന്താണ് അയാള്‍ ചെയ്യുന്നത്. ചിലര്‍ എന്‍.എസ്.എസിനെ തകര്‍ക്കാന്‍ കോടതികളില്‍ കയറിയിറങ്ങുന്നുണ്ട്. അവരുടെ വാലായിട്ടാണ് ഗണേഷ്‌കുമാര്‍ പ്രവര്‍ത്തിക്കുന്നത്. 64 വര്‍ഷമായി താന്‍ എന്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നു. ഒരുത്തന്‍ വിചാരിച്ചാലും കണ്ടെത്താന്‍ കഴിയുന്ന ഒരു തെറ്റും തന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.'എന്‍.എസ്.എസിന്റെ വിവിധ സ്‌ഥാപനങ്ങളില്‍ നിയമാനുസൃതമായി മാത്രമേ നിയമനങ്ങള്‍ നടന്നിട്ടുള്ളൂ. ആക്ഷേപമുള്ളവര്‍ കേസ് കൊടുക്കട്ടെ. അനധികൃതമായി ഒരാള്‍ക്കും നിയമനം കൊടുത്തിട്ടില്ല. തന്റെ കുടുംബത്തില്‍നിന്നു മാത്രം നിയമനം കൊടുക്കുന്നുവെന്നത് തെറ്റായ പ്രചരണം മാത്രമാണ്. കേരളം മുഴുവന്‍ ഉള്‍പ്പെടുന്നതാണ് തന്റെ കുടുംബം. അയാള്‍ക്ക് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല, തനിക്ക് ഒരു ഗുണവും ചെയ്‌തിട്ടുമില്ല. സ്‌ഥാനങ്ങളെല്ലാം നഷ്‌ടപ്പെട്ടപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്തുകൊണ്ടു മുമ്പ് ഇതെല്ലാം പറഞ്ഞില്ല. അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ'-സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം സമാധിയിലേക്കുള്ള പ്രവേശനം ആര്‍ക്കും നിഷേധിച്ചിട്ടില്ല. ഉപരാഷ്‌ട്രപതി സന്ദര്‍ശനത്തിനു വന്നപ്പോള്‍, സമാധിയില്‍ നായയെ കയറ്റി പരിശോധിക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ ക്ഷേത്രത്തിന് തുല്യമായി ആരാധിക്കുന്ന സ്‌ഥലമാണ്. അതുകൊണ്ടാണ് പറ്റില്ല എന്നുപറഞ്ഞത്. നായയെ കയറ്റിയിട്ട് ആരും സമാധിയില്‍ പുഷ്‌പ്പാര്‍ച്ചന നടത്തണ്ട എന്ന് പറഞ്ഞു. അതു തന്റെ കടമയാണെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.







Comments