
ന്യൂഡല്‍ഹി: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ കളം ഒഴിയുന്നു. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടായ ഫിറോഷകോട്ലയില് നടക്കുന്ന ട്വന്റി20യോടെ മത്സരക്രിക്കറ്റില്നിന്നും വിരമിക്കാനാണ് നെഹ്റ തയാറെടുക്കുന്നത്. അവസാന എതിരാളികള്‍ ന്യൂസിലന്‍ഡാണ്.
മുപ്പത്തിയെട്ടുകാരനായ നെഹ്റ തന്റെ വിരമിക്കല്‍ തീരുമാനം പരിശീലകന് രവിശാസ്ത്രിയോടും നായകന് വിരാട് കോഹ്ലിയോടും സംസാരിച്ചതായാണ് അറിയുന്നത്. അടുത്ത പ്രീമിയര്‍ ലീഗ് സീസണിലും കളിക്കാരനായി നെഹ്റ കളത്തിലുണ്ടാവില്ലെന്നാണ് വിവരം. ഓസ്ട്രേലിയയ്ക്കെതിരാ ടിട്വന്റി പരമ്പരയില്‍ ടീമില്‍ നെഹ്റയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.
1999 ല്‍ മുഹമ്മദ് അസ്ഹറുദിന്റെ നായകത്വത്തിന് കീഴിലാണ് നെഹ്റ ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 26 ട്വന്റി20 കളിലും നെഹ്റ ഇന്ത്യക്കായി പന്തെറിഞ്ഞു. 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി20 വിക്കറ്റുകളും നെഹ്റ സ്വന്തമാക്കിയിട്ടുണ്ട്.
38 കാരനായ നെഹ്റയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനശരങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ പിന്തുണയുമായി വീരേന്ദ്രര്‍ സെവാഗ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് നെഹ്റ വീണ്ടും കളത്തിലേയ്ക്ക് തിരിച്ചെത്തിയത്.





