
ഫോക്‌സ്ബ്രോ (യു.എസ്.എ.): സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് സി ഗ്രൂപ്പില്‍ അതിവേഗ ഗോളുമായി മൊറോക്കോയുടെ ഇസ്‌മായില്‍ സായ്‌ബാരി. ബ്രസീലിനെതിരേ സമനില ഗോളടിച്ച സായ്‌ബാരിയാണ് സ്‌കോട്ട്‌ലന്‍ഡിനെതിരേ രാജ്യത്തെ ജയത്തിലേക്കു നയിച്ചത്.
ബോസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ആരംഭിച്ച് 71-ാം സെക്കന്‍ഡില്‍ സായ്‌ബാരിയിലൂടെ മൊറോക്കോ മുന്നിലെത്തി. ഈ ലോകകപ്പിലെ അതിവേഗ ഗോളാണിത്. കിക്ക് ഓഫ് ചെയ്‌ത് വലതുവിങ്ങില്‍നിന്നു ബ്രാഹിം ഡിയാസ് നല്‍കിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സായ്‌ബാരി ഗോള്‍കീപ്പര്‍ ആന്‍ഗസ് ഗണ്‍ കണക്കു കൂട്ടും മുമ്പ് പന്ത് വലയിലെത്തിച്ചു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.
10-ാം മിനിറ്റില്‍ തന്നെ മൊറോക്കോ ലീഡിന് തൊട്ടടുത്തെത്തി. സായ്‌ബാരിയുടെ ക്രോസ് വലയിലെത്തിക്കാന്‍ സഹ താരങ്ങള്‍ക്കായില്ല. 18-ാം മിനിറ്റിലും മൊറോക്കോ ഗോളിനടുത്തെത്തി. അഷ്‌റഫ് ഹക്കീമിയുടെ ശ്രമം ആന്‍ഗസ് ഗണ്‍ കഷ്‌ടപ്പെട്ടു തടഞ്ഞു. മൊറോക്കോ ആക്രമണം കടുപ്പിച്ചതോടെ സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധത്തില്‍ കൂടുതല്‍ ഊന്നേണ്ടി വന്നു. പ്രതിരോധം മാത്രമായതോടെ ഒന്നാം പകുതിയില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഭാഗത്തുനിന്നു ഗോളിലേക്ക് ഒറ്റഷോട്ടുമുണ്ടായില്ല.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ അവര്‍ മൊറോക്കന്‍ ഗോള്‍മുഖം വിറപ്പിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ അകന്നു. സ്‌കോട്ട്‌ലന്‍ഡ് അവസാന മിനിറ്റുകളില്‍ മൊറോക്കോന്‍ ഗോള്‍ മുഖത്ത് വട്ടമിട്ടെങ്കിലും ഗോള്‍ കീപ്പര്‍ യാസിനെ ബൗനുവിനെ മറികടക്കാനായില്ല. കളിയുടെ 60 ശതമാനം സമയത്തും പന്ത് മൊറോക്കന്‍ താരങ്ങളുടെ കാലിലായിരുന്നു. കോച്ച് മുഹമ്മദ് ക്വാഭി സായ്‌ബാരിയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനില്‍ കളിപ്പിച്ചു. സ്‌കോട്ട്‌ലന്‍ഡ് കോച്ച് സ്‌റ്റീവ് ക്ലാര്‍ക്ക് 3-5-2 ശൈലിയാണു താല്‍പര്യപ്പെട്ടത്‌്്.




