
ഫിലാഡെല്‍ഫിയ: ബ്രസീല്‍ ഫുട്‌ബോളര്‍ മത്തിയാസ് കുന്യയുടെ ഗോളാഹ്‌ളാദം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
''കുന്യ സെലിബ്രേഷന്‍'' എന്ന ഓമനപ്പേര് വീണ ആഹ്‌ളാദ ശൈലി സര്‍ഫിങിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌്. ഇഷ്‌ട ഒഴിവ് വിനോദമായ സര്‍ഫിങിനെയാണ് കുന്യ അനുകരിക്കുന്നത്. സര്‍ഫിങ് ബോര്‍ഡില്‍ കിടന്ന് കൈകള്‍ കൊണ്ടു തുഴയുന്ന പോലെയാണ് കുന്യയുടെ ഗോളാഘോഷം. ഹെയ്‌തിക്കെതിരേ രണ്ട് ഗോളുകളടിച്ചപ്പോഴും കുന്യ ശൈലി മാറ്റയില്ല.
ഫിലാഡല്‍ഫിയയിലെ 6000 ത്തിലധികം വരുന്ന ബ്രസീല്‍ വംശജരെ സാക്ഷിയാക്കിയായിരുന്നു കുന്യയുടെ ഗോളടി. മൂന്ന് ഗോളുകള്‍ അടിച്ചതിനൊപ്പം ബ്രസീല്‍ തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തികുറിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മൂന്നിലധികം ഗോളുകള്‍ നേടിയ ടീം എന്ന നേട്ടമാണ് അവര്‍ തിരുത്തിയത്. 41 മത്സരങ്ങളിലാണ് ബ്രസീല്‍ മൂന്ന് തവണ എതിരാളികളുടെ വലയില്‍ നിറയൊഴിച്ചത്. ജര്‍മനിയാണ് രണ്ടാമത്. 36 മത്സരങ്ങളിലാണു ജര്‍മനി മൂന്ന് ഗോളെങ്കിലും അടിച്ചിട്ടുള്ളത്.
ലോകകപ്പില്‍ ആകെ 241 ഗോളുകളടിച്ച ബ്രസീല്‍ ഒന്നാമതാണ്. രണ്ടാം സ്‌ഥാനത്തുള്ള ജര്‍മനിക്ക് 239 ഗോളുകളാണ്. ബ്രസീല്‍ ഇതുവരെ 23 ലോകകപ്പുകളില്‍ പങ്കെടുത്തു. അതില്‍ അഞ്ച് തവണ ജേതാക്കളുമായി.
ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന സൂപ്പര്‍ താരം നെയ്‌മര്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നെയ്‌മര്‍ കളിക്കുമെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി വ്യക്‌തമാക്കി. പരുക്കില്‍നിന്നു മുക്‌തനായ താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. പരുക്ക് മൂലം ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്‌മര്‍ ഇറങ്ങിയില്ല. ശനിയാഴ്‌ച താരം ഒറ്റയ്‌ക്ക് പരിശീലനം നടത്തി. നാളെ ടീമിനൊപ്പം ചേരുമെന്നും ആന്‍സലോട്ടി വ്യക്‌തമാക്കി.




