
ചെന്നൈ: അഫ്‌ഗാനിസ്‌ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിനാണു ജയിച്ചത്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ 218 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 29-ാം ഓവറില്‍ വിജയ റണ്ണെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (86 പന്തില്‍ മൂന്ന് സിക്‌സറും 14 ഫോറുമടക്കം 110) സെഞ്ചുറിയുമായും ശ്രേയസ് അയ്യര്‍ 19 പന്തില്‍ രണ്ട് സിക്‌സറടക്കം 20 റണ്ണുമായും പുറത്താകാതെനിന്നു. വെറ്ററന്‍ താരം രോഹിത് ശര്‍മ (69 പന്തില്‍ മൂന്ന് സിക്‌സറും ഒന്‍പത് ഫോറുമടക്കം 79) മുഹമ്മദ് നബിയുടെ പന്തില്‍ പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ട് 170 റണ്ണെടുത്ത് ഇന്ത്യയുടെ ജയം ഉറപ്പാക്കിയിരുന്നു. ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ ഹസ്‌മത്തുള്ള ഷാഹിദി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
റഹ്‌മത്തുള്ള ഗുര്‍ബാസ് (അഞ്ച്), ഇബ്രാഹിം സാദ്രാന്‍ (11), റഹ്‌മത്ത് ഷാ (അഞ്ച്), ഡാര്‍വിഷ് റസൂലി (ഒന്ന്) എന്നിവരെ തുടക്കത്തിലെ നഷ്‌ടപ്പെട്ട അഫ്‌ഗാന്‍ തകര്‍ച്ചയെ നേരിട്ടു. ഹസ്‌മത്തുള്ളയുടെ (131 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 102) സെഞ്ചുറിയാണു ടീമിനെ 200 ലെത്തിച്ചത്‌്. അസ്‌മത്തുള്ള ഒമര്‍സായ് (56 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 50) അര്‍ധ സെഞ്ചുറിയുമായി നായകന് കൂട്ടായി. മുഹമ്മദ് നബിയാണ് (23 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 21) വാലറ്റത്തു പൊരുതാന്‍ ശ്രമിച്ചത്‌്. ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയ 16 അധിക റണ്ണും അഫ്‌ഗാന് 200 ലെത്താന്‍ ഗുണമായി. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ കൃഷ്‌ണ 23 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. പ്രസിദ്ധ കൃഷ്‌ണ മത്സരത്തിലെയും ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്‍ പരമ്പരയിലെയും താരമായി.





