
ഫിലാഡെല്‍ഫിയ (യു.എസ്.എ.): ഹെയ്‌തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ആരാധകരുടെ വിശ്വാസം കാത്തു. ഫിലാഡെല്‍ഫിയ സ്‌റ്റേഡിയത്തില്‍ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി മതിയാസ് കുന്യയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളും ഹെയ്‌തിയുടെ കഥ കഴിച്ചു. ഒന്നാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ബ്രസീല്‍ ഒന്നാം സ്‌ഥാനത്തെത്തി. സ്‌കോട്ട്‌ലന്‍ഡിനെതിരേ 1-0 ത്തിനു തോല്‍പ്പിച്ച മൊറോക്കോയ്‌ക്കും നാല് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ രണ്ടാം സ്‌ഥാനത്തായി.
സ്‌കോട്ട്‌ലന്‍ഡ് മൂന്ന് പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്. രണ്ട് കളികളും തോറ്റ ഹെയ്‌തി പുറത്തായി. അവര്‍ സ്‌കോട്ട്‌ലന്‍ഡിനോട് 1-0 ത്തിനു തോറ്റിരുന്നു. മൊറോക്കോയ്‌ക്കെതിരേ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞ നിരാശയിലാണു കാര്‍ലോ ആന്‍സലോട്ടിയും ശിഷ്യന്‍മാരും ഒരുങ്ങിയത്. കുന്യയെയും റാഫിഞ്ഞയെയും മുന്നില്‍ നിര്‍ത്തിയ 4-4-2 ഫോര്‍മേഷനിലാണു കാര്‍ലോ ആന്‍സലോട്ടി താല്‍പര്യപ്പെട്ടത്.
ഹെയ്‌തി കോച്ച് ഫ്രാന്റ്‌സി പിയറോറ്റ് 5-4-1 ഫോര്‍മേഷനിലാണു ടീമിനെയിറക്കിയത്‌്. സ്‌ൈട്രക്കര്‍ ഇഗോര്‍ തിയാഗോയ്‌ക്കു പകരമാണു ആന്‍സലോട്ടി മത്തിയാസ് കുന്യക്ക് സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനല്‍കിയത്. ഡാനിലോയെയും സ്‌റ്റാര്‍ട്ടിങ് ഇലനില്‍ കളിപ്പിച്ചു. ഹെയ്‌തിയുടെ പ്രതിരോധത്തിലൂന്നിയ ഫോര്‍മേഷന് തുടക്കം മുതല്‍ ഇളക്കം തട്ടി. ഒന്നാം പകുതിയില്‍ ഹെയ്‌തിക്ക് ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. 23-ാം മിനിറ്റില്‍ ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. വിനീഷ്യസ് ജൂനിയര്‍ ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ ജോണി പ്ലാസിഡ് തടുത്തു. റീബൗണ്ട് ഹെയ്‌തി പ്രതിരോധ താരം ഡെല്‍ക്രോയിയുടെ ദേഹത്തു തട്ടി കുന്യയിലേക്കെത്തി. താരം അവസരം മുതലാക്കിയതോടെ ബ്രസീല്‍ മുന്നില്‍. 36-ാം മിനിറ്റില്‍ കുന്യയിലൂടെ തന്നെ ബ്രസീല്‍ ലീഡ് ഇരട്ടിയാക്കി. കാസെമിറോ തുടങ്ങിയ വച്ച പ്രത്യാക്രമണമാണു ഗോളിന് വഴിയൊരുങ്ങിയത്. പന്തുമായി മുന്നേറിയ വിനീഷ്യസ് ജൂനിയര്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് കുന്യ ഇടംകാലനടിയിലൂടെ വലയ്‌ക്കകത്താക്കി. രണ്ടു ഗോളടിച്ചതോടെ ബ്രസീല്‍ പൂര്‍ണ നിയന്ത്രണമേറ്റെടുത്തു. ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോളുമെത്തി. പാക്വേറ്റ നല്‍കിയ ചിപ് പാസുമായി ഇടത് വിങിലൂടെ കുതിച്ചുപാഞ്ഞ വിനീഷ്യസ് ജൂനിയര്‍ മുന്നോട്ടു കയറിയ ഗോള്‍ കീപ്പര്‍ പ്ലാസിഡിന് തലയ്‌ക്കു മുകളിലൂടെ ചിപ് ചെയ്‌ത് വലയിലാക്കി. രണ്ടാം പകുതിയില്‍ ഹെയ്‌തി 4-4-2 ഫോര്‍മേഷനിലേക്ക് മാറി. അതോടെ ബ്രസീല്‍ മന്ദഗതിയിലാണ് പന്തുതട്ടിയത്. ഹെയ്‌തിക്ക് കളി നിയന്ത്രിക്കാന്‍ അവസരം നല്‍കിയ അവര്‍ പ്രത്യാക്രമണത്തില്‍ മാത്രമൊതുങ്ങി. ഹെയ്‌തി താരം സിമോണിന്റെ ഒരു ക്രോസ് മാത്രമാണ് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറിന് അലോസരമുണ്ടാക്കിയത്‌്.
ബ്രസീലിന്റെ അടുത്ത മത്സരം സ്‌കോട്ട്‌ലന്‍ഡിനെതിരേ 25 നാണ്.





