
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന് മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗിക്കെതിരേ സിബിഐ കുറ്റപത്രം. 3,727 കോടി രൂപയുടെ ഇടപാടില്‍ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ത്യാഗിയാണെന്നും ഇതിനായി 300 കോടി കോഴ വാങ്ങിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിക്ക് വേണ്ടി വ്യോമസേനാ തലവന്നെ സ്ഥാനം ദുരുപയോഗം ചെയ്തെന്നാണ് പറഞ്ഞിട്ടുള്ളത്.
ത്യാഗിയുടെ സഹോദരങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. സഹോദരങ്ങളില്‍ ഒരാളായ സഞ്ജീവ് 2.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് പറയുന്നത്്. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരും പ്രതികളാണ്. 13 പ്രതികളില്‍ അന്നത്തെ എയര്‍മാര്‍ഷല്‍, ജെ എസ് ഗുജറാളിനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിക്കാരായാ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്ടെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ചില അഗസ്ത വെസ്റ്റ്ലാന്റ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.
ഇറ്റാലിയന്‍ കമ്പനിയായ ഫിന് മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്ലാന്റ്. 12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010 ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ചിരുന്നു. ഇടപാടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.






