
ചെന്നൈ : കേരളത്തിലെ ഉദ്യോഗസ്ഥരും അധികാരികളും എന്ത് ചെയ്താലും നടപടി നിസ്സാരമാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ഐജി കോപ്പിയടി. എന്നാല്‍ തമിഴ്നാട്ടില്‍ ഡിസിപിയായ വ്യക്തി കോപ്പിയടിച്ചെന്ന് വ്യക്തമായതോടെ കാര്യം മാറി മുഖം നോക്കാതെ നടപടിയാണ് അവിടത്തെ അധികാരികള്‍ കൈക്കൊണ്ടത്. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് സഫീര്‍ കരീമിന് ജോലി തെറിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതിനിടെ സഫീര്‍ കരീമിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.
ആദ്യദിവസമായ ശനിയാഴ്ച കോപ്പിയടിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്നു സഫീറും ഭാര്യയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ഹാളിലെത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സഫീറില്‍ നിന്നു സോക്സില്‍ ഒളിപ്പിച്ചു കടത്തിയ മൊബൈല്‍ ഫോണും ഹെഡ്ഫോണും ബട്ടണില്‍ ഘടിപ്പിക്കുന്ന ക്യാമറയും പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ കോപ്പിയടിക്കാന്‍ സഹായിച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത ഭാര്യ ജോയ്സി ജോയ്സ്, സഫീറിന്റെ സുഹൃത്തും ഐഎഎസ് പരിശീലനസ്ഥാപന ഉടമയുമായ ഡോ.പി.രാം ബാബു എന്നിവരെയും അറസ്റ്റു ചെയ്തു.
സഫീറും ഭാര്യയും നടത്തുന്ന സിവില്‍ സര്‍വീസസ് പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാം ബാബു. ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കിടെ സഫീര്‍ ബ്ളൂടൂത്ത് ഉപയോഗിച്ച് ഭാര്യയില്‍ നിന്ന് ഉത്തരങ്ങള്‍ കേട്ടെഴുതിയെന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സഫീറിനെ എഗ്മൂര്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍, ബ്ളൂടൂത്ത്, ഇതുമായി ഘടിപ്പിച്ച ചെറുക്യാമറ, വയര്‍ലെസ് ശബ്ദസഹായി എന്നിവ പിടിച്ചെടുത്തു. പിടികൂടിയപ്പോള്‍ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് മൊബൈല്‍ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തിയത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ഐ.ടി. നിയമം തുടങ്ങിയ വകുപ്പുകളിലാണ് സഫീറിനെതിരേ കേസെടുത്തിട്ടുള്ളത്. കരീംസ് ലാ എക്സലന്‍സ് എന്നപേരില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഐ.എ.എസ്. പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് സഫീര്‍. ഭാര്യയും ഇതിന്റെ ഡയറക്ടറാണ്. തനിക്ക് ഐ.പി.എസില്‍ ഒന്നാം റാങ്ക് ലഭിച്ചു എന്നാണ് ഇയാള്‍ സ്ഥാപനത്തിന്റെ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍, 2014-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 112-ാം റാങ്കുകാരനാണ്. അതിനിടെ, കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സഫീര്‍ കരീമിനെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രൊബേഷന്‍ കാലയളവായതിനാല്‍ സഫീറിനെ ഉടന്‍ സര്‍വീസില്‍ നിന്നു പുറത്താക്കുമെന്നു പൊലീസ് അറിയിച്ചു.





