
ഇപ്പോഴും ലോകത്തെ മിക്ക ബാറ്റ്സ്മാന്മാരേക്കാളും വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നയാളാണ് മുന്‍ നായകന് മഹേന്ദ്രസിംഗ് ധോനിയെന്നും അദ്ദേഹത്തെ ടീം ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കേവലം ഒരിന്നിംഗ്സിലെ പരാജയം വെച്ച് വിമര്ശിക്കപ്പെടേണ്ടയാളല്ല മഹിയെന്നും വിമര്‍ശകര്‍ക്ക് മറുപടിയുമായി വിരാട് കോഹ്ലി എത്തിയത് തിരുവനന്തപുരത്തെ മൂന്നാമത്തെ ടി20 മത്സരം ജയിച്ചതിന് പിന്നാലെയായിരുന്നു.
ധോനിക്ക് നേരെ എന്തിനാണ് ആള്ക്കാര് വിരല്‍ ചൂണ്ടുന്നതെന്ന് അറിയില്ല. താന്‍ മൂന്ന് തവണ പരാജയപ്പെട്ടാലും ആരും തനിക്ക് നേരെ ഒന്നും പറയാത്തത് താന്‍ 35 കഴിയാത്തത് കൊണ്ടാണ്. എന്നാല്‍ നല്ല ശാരീരികക്ഷമതയുള്ളയാളും അതുമായി ബന്ധപ്പെട്ട എല്ലാ പരിശോധന കഴിഞ്ഞയാളും കളത്തിലും ബാറ്റുകൊണ്ടും ടീമിന് കഴിയുന്ന വിധത്തിലെല്ലാം മികച്ച സംഭാവന ചെയ്തു കൊണ്ടിരിക്കുന്നയാളാണ് അയാള്‍. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരേയുള്ള പരമ്പരയില്‍ നന്നായി കളിച്ചയാളാണ് ധോനി. എന്നാല്‍ ഈ പരമ്പരയില്‍ കളിക്കാന്‍ അധികം സമയം കിട്ടിയില്ല. പരമ്പരയില്‍ ഇന്ത്യ 40 റണ്‍സിന് പരാജയപ്പെട്ട കളിയില്‍ ധോനിയുടെ ബാറ്റിംഗാണ് വിമര്‍ശകര്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആയുധമാക്കിയത്.
മത്സരത്തില്‍ സ്ട്രൈക്ക് കൈമാറുന്നതില്‍ ധോനി കാട്ടിയ മന്ദഗതിയാണ് വിമര്‍ശകര്‍ ഏറ്റുപിടിച്ചത്. ധോനിയെ കുട്ടിക്രിക്കറ്റില്‍ നിന്നും മാറ്റേണ്ട സമയമായെന്നാണ് പലരും വിമര്‍ശിച്ചത്. മത്സരത്തില്‍ മൂന്ന് സിക്സറും രണ്ടു ബൗണ്ടറിയും പറത്തിയെങ്കിലും 32 പന്തില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്. മത്സരം ഇന്ത്യ തോറ്റതോടെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ധോനിയുടെ തലയില്‍ കെട്ടിവെച്ചു. എന്നാല്‍ ആ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പോലും മികവ് കാട്ടാനായില്ലെന്നാണ് നായകന് കോഹ്ലി പറയുന്നത്. തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറയുന്നത് നല്ല പ്രവണതയല്ല. അദ്ദേഹം ബാറ്റ ചെയ്യാനെത്തിയ സമയം നോക്കണം. എട്ടോ ഒമ്പതോ റണ്‍സ് ശരാശരി വേണ്ടിടത്തായിരുന്നു വന്നത്. വിക്കറ്റില്‍ ന്യബോള്‍ എടുക്കുന്ന സമയവും. ഈ സമയത്ത് വാലറ്റത്ത് കളിക്കാന്‍ എത്തുന്നവര്‍ക്ക് പന്ത് നേരെ ബാറ്റിലേക്ക് വരില്ല. പ്രത്യേകിച്ചും അത്തരം ഒരു വിക്കറ്റ് കൂടിയാകുമ്പോള്‍. എല്ലാ കാര്യവും വിലയിരുത്തേണ്ടതുണ്ടെന്നും വിരാട് കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ധോനിക്ക് ആരാധകരുടെയും ടീമിന്റെയും മാനേജ്മെന്റിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ട്. കളിക്കാര്‍ക്കും ടീം മാനേജ്മെന്റിനും ഒരാള്‍ കളിക്കാനിറങ്ങൂമ്പോഴത്തെ സാഹചര്യം മനസ്സിലാക്കാനാകും. ജനങ്ങളുടെ വൈകാരികത കലര്‍ന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കാനായെന്ന് വരില്ല. കളിക്കുന്നവര്‍ക്കേ വിക്കറ്റിന്റെ സ്വഭാവം അറിയാനാകു. താന്‍ വിചാരിക്കുന്നത് അദ്ദേഹം ഉജ്വലമായി കളിച്ചെന്നാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കളിയെക്കുറിച്ചും ടീമിലെ തന്റെ പങ്കിനെക്കുറിച്ചും കൃത്യമായിട്ട് അറിയാം. എന്നാല്‍ അത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. ഒരു കളി കഴിയുമ്പോള്‍ എല്ലാവരും അദ്ദേഹത്തിന് പിന്നാലെയാണ്. ആള്ക്കാര് കുറേക്കൂടി ക്ഷമ കാട്ടേണ്ടതുണ്ട്.
കളയും ശരീരവും എവിടെ നില്‍ക്കുന്നെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നയാളാണ് ധോനി. അതുകൊണ്ട് തന്നെ അദ്ദേഹത്തിനല്ലാതെ അദ്ദേഹത്തിന്റെ കാര്യം തീരുമാനിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്തയാളാണ് ധോനി. 65 ശരാശരിയില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധശതകവുമായി 716 റണ്‍സ് എടുത്തു. ഈ വര്‍ഷം ടി ട്വന്റിയില്‍ ആദ്യ അര്‍ദ്ധശതകവും നേടി. അടുത്തമാസം ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന മത്സരങ്ങളാണ് ധോനിയുടെ അടുത്ത പരമ്പര.






