പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്നലെ ദൂരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ജിഷയുടെ അമ്മയുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന പാപ്പു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവസാനകാലത്ത് മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ പാപ്പു കഷ്ടപ്പെട്ടിരുന്നതായാണ് വാര്‍ത്ത. എന്നാല്‍ മരണശേഷം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പോലീസ് കണ്ടെത്തിയത് ലക്ഷങ്ങളുടെ നിക്ഷേപം.
ദാരിദ്ര്യത്തിലും അവശതയിലും കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം സമ്പാദ്യമൊന്നിമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍ മരണ ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ എസ്.ബി.ഐയുടെ ഓടക്കാലി ശാഖയിലെ അക്കൗണ്ടില്‍ 4.52,000 രൂപയുടെ നിക്ഷേപം കണ്ടെത്തി. മരണസമയത്ത് പാപ്പുവിന്റെ കൈവശം മൂവായിരത്തോളം രൂപയുണ്ടായിരുന്നു.
അതേസമയം പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം എന്താണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ജിഷയുടെ മരണശേഷം കിട്ടിയ പണം ഉപയോഗിച്ച് അമ്മയും മൂത്ത സഹോദരിയും ആഡംബര ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാപ്പു ദുരിത ജീവിതമാണ് നയിച്ചിരുന്നത്. ഇത്രയും തുക അക്കൗണ്ടില്‍ നിക്ഷേപം ഉണ്ടായിരുന്നിട്ടും പാപ്പു ദുരിത ജീവിതം നയിച്ചതിന്റെ കാരണവും ദുരൂഹമാണ്.






